Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

Sabitha Riyas

Romance Crime Thriller


4  

Sabitha Riyas

Romance Crime Thriller


ഇന്നേക്ക് ഏഴാം നാൾ - 14

ഇന്നേക്ക് ഏഴാം നാൾ - 14

8 mins 196 8 mins 196

കബീർ വെഗ്രതയോടെ ആ ഡോക്യൂമെന്റിലെ അടുത്ത പേജ് ക്ലിക്ക് ചെയ്തു. ഓപ്പൺ ആയി വന്ന അടുത്ത പേജിലെ ഫോട്ടോയിൽ നീല മഷിയിൽ എഴുതിയിരുന്ന വരികൾ അയാളെ അത്ഭുതപ്പെടുത്തി ...


" വർധൻ നിന്നെ ഒരു നോക്ക് കാണാൻ ഒരുപാട് സ്ത്രീ ഹൃദയങ്ങൾ തുടിക്കുന്നുണ്ട്... അത്രയ്ക്ക് ഭാഗ്യം എനിക്കുള്ളത് കൊണ്ടാകാം ഞാൻ എന്നും നിന്റെ ഈ മുഖം വളെരെ അടുത്ത് കാണുന്നത്... ഞാൻ നിനക്കുള്ളിൽ അല്ല നീയെനിക്ക് ഉള്ളിലാണ് ജീവിക്കുന്നത്... "


"...റബേക്ക ഗോവർധൻ മാരാർ..." 


"എന്നെ ട്രാഫിക്ക് നിയമം പഠിപ്പിക്കാതെ എടുത്തോണ്ട് പോടാ നിന്റെ ഈ പാട്ടവണ്ടി, ഇല്ലെങ്കിൽ പാർട്സ് പാർട്സ് ആയിട്ട് പിരിച്ചെടുക്കും ഞാൻ... നിന്നെയും ഈ ചെളുക്കിനെയും, നീ എവിടെ നോക്കിയാണ് കാറോടിക്കുന്നത്, എം സി റോഡ് കുടുംബസ്വത്താണെന്നാണ് ചിലവന്മാരുടെ വിചാരം. ഇവളുടെ ദേഹത്തൊരു പോറൽ വീണിരുന്നുവെങ്കിൽ ആംബുലൻസിലെ നീയിന്നു ഇവിടുന്നു തിരികെ പോകുമായിരുന്നുള്ളു. നിനക്ക് കാറോടിച്ചു പഠിച്ചു കളിക്കാൻ എം സി റോഡ് നിന്റെ അച്ഛന്റെ വകയല്ല, കൂടുതൽ നിയമം എന്നോട് പറയാൻ നിന്നാൽ നിയമം നിന്നെ ഞാൻ പഠിപ്പിച്ചു തരും. ഈ വർധൻ കുരുക്കുന്ന കുരുക്കിൽ നിന്ന് നിന്നെ രക്ഷപെടുത്താൻ മറ്റൊരു കാലനും കഴിയില്ല. അറിയില്ല... നിനക്കെന്നെ ശരിക്കും!"


ഇടതു കയ്യ് ചുറ്റി റബേക്കയെ തന്നോട് ചേർത്തു പിടിച്ചു കൊണ്ട് വലതു കരം അവളുടെ നേരെ പാഞ്ഞു വന്ന ആ കാറിന്റെ ഡ്രൈവറുടെ നേരെ ചൂണ്ടിപ്പിടിച്ചു വർധൻ ക്രുദ്ധനായി അലറി.


കബീർ പകപ്പോടെ തുടർന്നു വായിക്കാൻ തുടങ്ങി.


 "എനിക്ക് ചുറ്റും നടക്കുന്നത് ഒന്നും തന്നെ മനസിലാകുന്നില്ലായിരുന്നു, എന്നെ മാറോട് അടക്കിപ്പിടിച്ചു അരികിൽ നിർത്തിട്ടിരിക്കുന്ന കാറിന്റെ ഡ്രൈവറോട് വർധൻ കയ്യുയർത്തി ആക്രോശിക്കുന്നത് മാത്രമാണ് കാണാൻ സാധിക്കുന്നത്. വർധൻ മുഖം തിരിച്ചു വച്ചാണ് സംസാരിക്കുന്നത്, അതിനാൽ എന്താണ് പറയുന്നത് എന്ന് എനിക്ക് പൂർണ്ണമായും ഗ്രഹിക്കാൻ കഴിഞ്ഞില്ല. സ്കൂളിൽ നിന്ന് ഇറങ്ങി നടന്നത് മാത്രം ഓർമ്മയുണ്ട്. ചുറ്റും നിശബ്ദത മാത്രം. എന്താണ് ഈ നിശബ്ദത എന്ന് വീണ്ടും തിരിച്ചറിയാൻ തുടങ്ങിയത് എന്നു മുതലാണ്, ആ ഹിയറിങ് എയ്ഡ് എനിക്ക് ലഭിച്ചതിന് ശേഷമാണ്. 


എന്നെ വലയം ചെയ്തിരിക്കുന്ന വർധന്റെ കരങ്ങളുടെ കരുത്ത് മുറിവേറ്റ പക്ഷിക്കുഞ്ഞിനെ അമ്മപക്ഷി കരുതലോടെ തന്റെ ചിറകിൻ കീഴിൽ കാത്തുവചിരിക്കുന്ന പോലെയാണെന്ന് ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു, എന്റെ മിഴികൾ ആ തിരിച്ചറിവിൽ നിറഞ്ഞൊഴുകി. കുറച്ചു നിമിഷങ്ങൾ മുൻപ് വർധൻ എനിക്ക് നേരെ ചൊരിഞ്ഞ തീവ്രതയേറിയ കഠിനവാക്കുകൾ ഏൽപ്പിച്ച മാനസികക്ഷോഭവും, അയാൾ തന്ന മുറിവിന്റെ വേദനയും ഞാൻ ആ നിമിഷം വിസ്മരിച്ചു. മനപ്പൂർവ്വം ആണോ എന്നറിയില്ല ചിലപ്പോഴൊക്കെ വാക്കുകൾ കൊണ്ട് എന്നെ മുറിവേൽപ്പിക്കുന്നത് വർധന് ഒരുതരം നേരമ്പോക്കാണെന്നു തോന്നിയിരുന്നു, അയാൾ പറയുന്നതൊന്നും തനിക്ക് പലപ്പോഴും വ്യക്തവുമല്ലായിരുന്നു. എന്നാലും ഒരാശ്വാസം ഉണ്ടായിരുന്നു, മറ്റുള്ളവരെ പോലെ ഭയപ്പെടേണ്ടതില്ല ഈ കാട്ടാളനെയെന്നു. ഒരു മാതിരി രാക്ഷസന്മാരുടെ സ്വഭാവമാണ് വർധന്റെ വാക്കിലും നോക്കിലുമെന്നു പലവട്ടം തോന്നിപ്പോയിരുന്നു. ക്ഷമ കൈവിട്ട ഏതോ ഒരു നിമിഷം എന്റെ അന്തരംഗം അയാൾക്കായി കരുതി വച്ചിരുന്നൊരു പേര് എന്നോട് ഉറക്കെ പറഞ്ഞു തന്നു, "കാട്ടാളൻ"... തമ്മിൽ വഴക്കടിച്ച ആ നിമിഷത്തിന്റെ അവസാനനൊടിയിൽ എപ്പോഴോ അറിയാതെ നാവിൻ തുമ്പിൽ തട്ടി നിന്ന ആ പേര് എന്റെ അധരങ്ങൾ ഉരുവിട്ടത് കേട്ടപ്പോൾ കോപാകുലനാകുന്നതിനു പകരം ചിരിയമർത്തികൊണ്ട് എന്നെ നോക്കി കണ്ണുരുട്ടികൊണ്ടു വർധൻ കടന്നു പോയി, അന്നാദ്യമായി ഗോവർധൻ മാരാർ റബേക്കയെന്ന എന്നെ നോക്കി ചിരിച്ചു. അറിയാതെ ഞാനും ചിരിച്ചു, അനുവാദം ചോദിക്കാതെ വർധന്റെ ചിരിക്കുന്ന ആ മുഖം ആ നിമിഷം എന്റെ മനസിന്റെ ആഴങ്ങളിൽ പതിഞ്ഞു, ഞാൻ എല്ലാം മറന്നു... ആ നിമിഷം തൊട്ട് ഇഷ്ടമായി തുടങ്ങി റബേക്കയ്ക്ക് ആ കാട്ടാളനെ ...  


അർഹത ഇല്ല എന്നറിഞ്ഞിട്ടും മൗനമായി പ്രണയിച്ചു, തിരിച്ചൊന്നും ആഗ്രഹിക്കാതെ... പ്രതീക്ഷിക്കാതെ.


തുടർന്നു കടന്നു വന്ന ഓരോ ദിവസവും വർധനെ കാണാനായി തന്നെയായിരുന്നു ഞാൻ ആ സ്കൂളിന്റെ പടി കടന്നിട്ടുളളത്. സ്റ്റാഫ്‌ റൂമിന്റെ അരികിലെ കോറിഡോറിലൂടെ എന്നെ ഇടംകണ്ണിട്ട് നോക്കി ചിരിച്ചു കൊണ്ടു തന്റെ ഓഫീസ് മുറിയിലേക്ക് നടന്നു പോകുന്ന വർധനെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ ഞാൻ ഇരിക്കുമായിരുന്നു. അയാളോട് വഴക്കിടാൻ, അയാളുടെ വഴക്ക് കേൾക്കാൻ എന്നും എന്റെ മനസ്സ് തുടികൊട്ടുമായിരുന്നു, എന്തിനെന്നു അറിയാതെ. വെറുതെ ഒരു സന്തോഷം... എന്നോട് വഴക്കിടാനും പിണങ്ങാനും ഒരാൾ ഉണ്ടല്ലോ എന്ന ആഹ്‌ളാദം..


ശ്രവണശേഷി ഇല്ലാത്തവളായാലും അന്ധയായാലും പെണ്ണല്ലേ എന്നൊരു ഭാവമാണ് ചില പുരുഷന്മാർക്ക്, വർധൻ അവരിൽ നിന്നെല്ലാം വിഭിന്നനായിരുന്നു. എന്നാൽ മേൽപ്പറഞ്ഞ മനോഭാവം വച്ചു പുലർത്തുന്ന ദുഷിച്ച ചില പുരുഷന്മാരിലൊരാൾ ആയിരുന്നു ആദർശ്. പലപ്പോഴും അവന്റെ ശല്യം കാരണം എന്തെങ്കിലും ഒരബദ്ധം എന്റെ കയ്യിൽ നിന്ന് വന്നു ഭവിക്കും, വർധന്റെ നാവിന്റെ മൂർച്ച അന്ന് ഞാൻ അറിയുകയും ചെയ്യും. ആദർശിന് എതിരെ പരാതി പറയാൻ പലപ്പോഴും മടിച്ചിരുന്നു. ഒന്നാമത് വർധന്റെ ബന്ധു, അനിയൻ, അയാൾ പറയുന്നതല്ലേ എല്ലാവരും വിശ്വസിക്കുകയുള്ളു. ഞാൻ ആർക്കും വേണ്ടാത്തൊരു നശിച്ച ജന്മം. നിശബ്ദയായി എല്ലാം സഹിച്ചു പിടിച്ചു നിന്നു, പക്ഷേ എന്റെ ആ മൗനത്തെ പോലും അവൻ എനിക്കെതിരെ ഒരായുധമായി എന്നും ഉപയോഗിച്ചു.


ഒഴിഞ്ഞു മാറി നടന്നിരുന്നു എന്നും എന്നാൽ ഇന്നവൻ കരുതിക്കൂട്ടിയായിരുന്നു എന്നെ സമീപിച്ചത്. ഹിയറിങ് എയ്ഡിന്റെ ചാർജ് ലോ ആയതിനാൽ ഡോർ ലോക്ക് ചെയ്തു പിന്നിൽ നിന്നവൻ എന്നെ കടന്നു പിടിച്ചത് മനസിലാക്കാൻ കഴിഞ്ഞുമില്ല. മല്പിടുത്തത്തിനിടയിൽ രക്ഷപെട്ടു പുറത്തേക്ക് പോകാനായി ലാബിലെ ഉപകരണങ്ങൾ കയ്യിൽ തടഞ്ഞവ ഓരോന്നായി അവന് നേരെ വലിച്ചെറിയേണ്ടി വന്നു, പക്ഷേ ശബ്ദം കേട്ട് കതക് തള്ളി തുറന്നു അകത്തേക്ക് കടന്നു വന്നവരോട് അവൻ പറഞ്ഞത് മറ്റൊരു കഥയും.


" ഈ പൊട്ടി എന്റെ തലയിലാകാൻ നടത്തുന്ന നാടകമാണ് ഈ പ്രഹസനങ്ങൾ എല്ലാം," എന്നുറക്കെ ആദർശ് അട്ടഹസിച്ചത് മാത്രമേ കേൾക്കാൻ സാധിചിച്ചുള്ളു. അപ്പോഴേക്കും വഴക്ക് കേട്ട് അലോഷിയുടെ കൂടെ ആ മുറിയിലേക്ക് കടന്നു വന്ന വർധൻ എന്താണ് പ്രശ്നം എന്നുപോലും ചോദിക്കാതെ അവിടെ കൂടി നിന്നവരുടെ വാക്കുകൾ കേട്ട് കൊണ്ടു ഹിയറിങ് എയ്ഡ് ഓൺ ചെയ്യാൻ പരിശ്രമിച്ചു നിന്ന എന്റെ കയ്യിൽ നിന്നും ആ ഹിയറിങ് എയ്ഡ് തട്ടിപ്പറിച്ചു വാങ്ങിച്ചു താഴേക്കു വലിച്ചെറിഞ്ഞു. എന്നിട്ടും അരിശം തീരാതെ ആ ഹിയറിങ് എയിടിന്റെ ബഡ്‌സുകൾ ചവിട്ടിപ്പൊട്ടിക്കുകയും ചെയ്തു. പിന്നീട് അവിടെ നടന്നതും ആളുകൾ പറഞ്ഞതും ഒന്നും എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല, ആരുടേയും മുഖത്തേക്ക് തറപ്പിച്ചു നോക്കാനും കഴിയുന്നില്ല, ആദർശിന്റെ മുഖത്തു തിരതല്ലി നിന്നിരുന്ന കുടിലമായ ഭാവം, എനിക്ക് അല്ലാതെ മറ്റാർക്കും മനസിലാകുന്നില്ലായിരുന്നു, ഇനി നിനക്ക് എന്റെ കയ്യിൽ നിന്ന് രക്ഷപെട്ടു പോകാൻ കഴിയില്ല എന്നു അവന്റെ തെളിഞ്ഞ മുഖം എന്നോട് പറയുന്നുണ്ടായിരുന്നു. 


ചെവികേൾക്കാൻ എനിക്ക് ഒന്ന് കഴിഞ്ഞിരുന്നുവെങ്കിൽ എല്ലാവരോടും സത്യം ഉറക്കെ വിളിച്ചു പറയാമായിരുന്നു ഞാനല്ല അവനാണ് കള്ളം പറയുന്നത് എന്ന്. ഈക്കാലയളവിന് ഉള്ളിൽ എന്റെ ജീവിതത്തിൽ ഉടനീളം കടന്നു വന്നവരെല്ലാം എന്നും ഈ ഒരു കുറവ് എടുത്തു പറഞ്ഞിരുന്നു, എന്നെ അപമാനിച്ചിരുന്നു, ഒരാൾ ഒഴികെ... വർധൻ ... വർധൻ മാത്രം...ഇതുവരെയും ആ ഒരു കുറവ് പറഞ്ഞു എന്നെ കളിയാക്കിയിട്ടില്ല... അപമാനിച്ചിട്ടില്ല, വേദനിപ്പിച്ചിട്ടില്ല, അവസരങ്ങൾ ഒരുപാടു ലഭിച്ചിട്ടും അയാൾ അതെല്ലാം അവഗണിക്കാറായിരുന്നു പതിവ്. 


അരിശത്തിൽ എന്തെങ്കിലും പറഞ്ഞാലും എന്റെ ആ കുറവ് വച്ചു കുത്തിനോവിക്കാൻ വർധൻ ഒരിക്കലും മുതിർന്നിരുന്നില്ല. എന്റെ അപ്പയെപോലെയോ ഇസബെല്ലിനെ പോലെയോ അല്ലായിരുന്നു വർധൻ. ഈ വർധന് ഒഴികെ മറ്റുള്ളവർക്ക് എല്ലാം താനൊരു പൊട്ടിയായിരുന്നു, ക്രിസ്റ്റിക്കും... " ക്രിസ്റ്റഫർ ... ആ പേരിന്റെ ഉടമയുടെ ഓർമ്മയിൽ റബേക്ക നിന്ന് നീറിപ്പുകയാൻ തുടങ്ങി. 


"ചെവി കേൾക്കാത്ത നിന്നെ പോലൊരു പൊട്ടിപെണ്ണിനെ എന്റെ അമ്മച്ചിയൊരാൾക്ക് കൊടുത്ത വാക്ക് ഒന്നു കൊണ്ട് മാത്രമാണ് മിന്നുകെട്ടി കൂടെ പൊറുപ്പിക്കാൻ ഞാൻ തയ്യാറായത്. വിലാസമില്ലാത്ത ബധിരയായ നിന്നെപ്പോലെയൊരു നാശത്തെ തലയിലെടുത്തു വച്ച നാൾ തൊട്ട് എന്റെ തലയ്ക്ക് ഒരു സൊര്യമില്ല.,. എനിക്ക് സമാധാനമില്ല, ഈ സമൂഹത്തിനു മുൻപിൽ തര്യത്തെ ക്രിസ്റ്റഫർ മാത്തന്റെ ഭാര്യ എന്ന പദവിയോ സ്ഥാനമോ ഒരിക്കലും നിനക്ക് ലഭിക്കില്ല. ഈ മുറിയില്ലെന്നു മാത്രമല്ല എന്റെ ജീവിതത്തിലും നിനക്കൊരിക്കലും സ്ഥാനമുണ്ടാകില്ല..."


കോപകുലനായി തനിക്ക് നേരെ അലറുന്ന ക്രിസ്റ്റിയെ നോക്കി റബേക്ക ഭീതി നിറഞ്ഞ മിഴികളോടെ ചുവരിലേക്ക് ചാരി നിന്നു. ആ മുറിയുടെ നടുവിലായി കിടന്നിരുന്ന കിടക്കയിൽ നിവർന്നു കിടന്നു ഇസ്‌ബെല്ല റബേക്കയെ പുച്ഛത്തോടെ നോക്കി. ക്രിസ്റ്റി റബേക്കയുടെ അരികിലെക്ക് ചെന്നു, അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു ചുവരിലേക്ക് ചേർത്ത് വച്ചു കൊണ്ടു ഉറക്കെ പറഞ്ഞു...


" നീയൊരു ശല്യമാണ് എനിക്ക്... ചാക്... ചാകെടീ...ഈ ജന്മം ഞാൻ സ്നേഹിച്ചതും സ്വന്തമാക്കാൻ ആഗ്രഹിച്ചതും ഇസബെല്ലയെ മാത്രമാണ്, നിന്റെ അനിയത്തിയെ, പക്ഷേ നിന്റെ ശരീരത്തിലെ ഒരവയവം എന്റെ അമ്മച്ചിക്ക് ആവശ്യമായി പോയി, അല്ലെങ്കിൽ നിന്നെ പോലെ ചെവിയുടെ ഫിലമെന്റ് അടിച്ചു പോയ മുതലിനെയൊക്കെ ആര് കെട്ടും? വല്ല രണ്ടാംകെട്ടുകാരനോ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ഏതേലും പടുകിളവനോ കെട്ടിയാൽ കെട്ടി, അല്ലെങ്കിൽ നിനക്ക് എന്തിനാണ് എന്നെപോലെയുള്ള ഒരു ആണിന്റെ തുണ? കർത്താവ് നിനക്ക് അറിഞ്ഞു തന്നതാണ് ഇങ്ങനെയൊരു ജീവിതം. കുറേ നേരമായല്ലോ നീയെന്റെ മുഖത്തേക്ക് നോക്കി വായി നോക്കി നിൽക്കുന്നു, ഇറങ്ങിപോടീ എന്റെ മുറിയിൽ നിന്നും."


റബേക്ക ശ്വാസം കിട്ടാതെ പിടയഞ്ഞു. അവളുടെ പ്രാണവേദന കണ്ട് ഇസ്‌ബെല്ല ക്രൂരമായി പുഞ്ചിരിച്ചു. താൻ ജയിച്ചു എന്ന ഭാവം മനസ്സിൽ നിറഞ്ഞതും അവൾ കിടക്കയുടെ വലതുഭാഗത്തേക്ക് തിരിഞ്ഞു കിടന്നു കൊണ്ടു ക്രിസ്റ്റിയോടായി ഉറക്കെ പറഞ്ഞു...


"അവൾ എങ്ങാനും ചത്താൽ പിന്നെ നമ്മൾ പ്ലാൻ ചെയ്തത് പോലെ ഒന്നും നടക്കില്ല ക്രിസ്റ്റി... അവൾക്ക് അന്ത്യചുംബനം കൊടുത്തു പറഞ്ഞയ്ക്കാൻ ഇനിയും സമയം ഉണ്ട്."


ക്രിസ്റ്റി റബേക്കയുടെ കഴുത്തിലെ പിടിവിടാതെ തിരിഞ്ഞോന്നു നോക്കി. ഇസബെല്ല കിടക്കയിൽ തിരിഞ്ഞു കിടക്കുന്നത് കണ്ടതും അയാൾ റബേക്കയുടെ കഴുത്തിൽ നിന്നും പിടി അയച്ചു. റബേക്ക ശ്വാസം ആഞ്ഞു വലിച്ചു കൊണ്ടു താഴേക്ക് വീഴാൻ ഒരുങ്ങിയതും ക്രിസ്റ്റി അവളെ തന്റെ ദേഹത്തേക്ക് ചായ്ച്ചു നിരത്തി അവളുടെ വിറയ്ക്കുന്ന അധരങ്ങളിൽ ദയയോടെ ഒരു മിന്നായം പോലെ ചുംബിച്ചു. പിന്നീട് അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു വച്ചു പതിയെ പറഞ്ഞു.


"ബീ... പലതവണ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ അല്ലാതെ നീ മുറിയിലേക്ക് കടന്നു വരരുത് എന്ന്. പറഞ്ഞാൽ കേൾക്കണം, എന്നെ മനസിലാക്കണം നീ..."


അത്രയും പറഞ്ഞ ശേഷം നൊടിയിടയിൽ റബേക്കയുടെ കയ്യിൽ പിടിച്ചു വലിച്ചു ആ മുറിയുടെ തുറന്നു കിടന്നിരുന്ന വാതിലിനുപുറത്തേക്ക് ബലമായി തള്ളിയിട്ടു കൊണ്ടു ഉറക്കെ പറഞ്ഞു...


"ഒരു വേലക്കാരിയുടെ സ്ഥാനം പോലും നിനക്ക് ഈ വീട്ടിലോ എന്റെ മനസ്സിലോ ഇല്ല, മേലിൽ എന്റെ അനുവാദം കൂടാതെ ഈ മുറിയിൽ നീ കാല്കുത്തരുത്."


ആ മുറിയുടെ വാതിൽ ക്രിസ്റ്റഫർ അവളുടെ നേർക്ക് വലിച്ചടച്ചു ... ആ രൂപം, ക്രിസ്റ്റഫറിന്റെ മുഖത്തു ആ നിമിഷം നിറഞ്ഞു നിന്നത് വേദനയായിരുന്നു, അയാളുടെ മിഴികൾ നിറഞ്ഞിരുന്നു... എന്നോടുള്ള സ്നേഹമെന്ന ക്രൂരത നിറഞ്ഞു നിന്നിരുന്ന നനവാർന്ന മിഴികൾ... റബേക്കയുടെ മിഴികൾക്കുള്ളിൽ ആ നൊടി വീണ്ടും തെളിഞ്ഞു വന്നു. ആ നിമിഷം അനുഭവിച്ച വേദന, അവഗണന, അപമാനം, എല്ലാം അവളെ വേട്ടയാടാൻ തുടങ്ങി. 


വേദനിപ്പിച്ചു സ്നേഹിക്കാൻ മാത്രം അറിയാവുന്ന ക്രിസ്റ്റഫറിനെ ഓർമ്മ വന്നതും റബേക്ക നിയന്ത്രണം കൈവിട്ട് പരിസരം മറന്ന് വർധന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിവച്ചു അയാളെ തന്റെ ഇരു കരങ്ങളാൽ ഇറുകെ പുണർന്നു ഉറക്കെ കരഞ്ഞു. ഡ്രൈവറുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്ന വർധൻ അവളുടെ ആ പ്രവർത്തിയിൽ ആകെ വല്ലാതായി, അവളുടെ ആ സ്പർശനം അവന്റെ ഹൃദയമിടിപ്പിന്റെ താളഗതിയെ വഴിതെറ്റിച്ചു, വർധനു ദേഹമാകെ ഇക്കിളിയാകുന്നത് പോലെ തോന്നി... വഴക്കിടുമ്പോൾ അമ്മാളു പിണക്കം മാറ്റാനായി ഇക്കിളിയാക്കുന്ന പോലെ, വർധന്റെ കോപം ആ നിമിഷം എങ്ങോ മാഞ്ഞു പോയി. അവന്റെ അധരത്തിൽ ഒരു പുഞ്ചിരി ഉദിച്ചു.


 ചുറ്റിനും കൂടി നിന്ന ആളുകൾ തങ്ങളെ അത്ഭുതത്തോടെ വീക്ഷിക്കുന്നത് കണ്ടതും തന്റെ നെഞ്ചോരം മുഖം താഴ്ത്തി വച്ചു പൊട്ടിക്കരയുന്ന റബേക്കയെ പതിയെ അടർത്തി മാറ്റിയ ശേഷം അവളുടെ വലത് കൈത്തണ്ടയിൽ പിടിച്ചു വലിച്ചു വർധൻ റോഡ് ക്രോസ്സ് ചെയ്തു മുന്നോട്ട് നടന്നു. അവൾ ഒരു പാവയെ പോലെ വിങ്ങിക്കരഞ്ഞു കൊണ്ട് അവനൊപ്പം അനുസരണയോടെ നടന്നു. സ്കൂളിന്റെ ഗേറ്റ് കടന്നതും വർധൻ ഇടംകണ്ണിട്ട് അവളെയൊന്നു നോക്കി, റബേക്കയുടെ കരഞ്ഞു കലങ്ങിയ മിഴികളും വിതുമ്പലുകളും അവന്റെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തിന് ആക്കം കൂട്ടി. വർധന്റെ കോപത്തിന്റെ മഞ്ഞുരുകാൻ തുടങ്ങിയിരുന്നു. ഇവൾ എന്നോ എന്റെ ബലഹീനതയായി മാറിക്കഴിഞ്ഞിരിക്കുന്നു, ഇനിയെങ്കിലും ആ സത്യം സമ്മതിച്ചേ മതിയാകൂ... സമ്മതിച്ചിരിക്കുന്നു, ഞാനെന്റെ മനസാക്ഷിയോട് അന്നാദ്യമായി തോൽവി സമ്മതിച്ചു, റബേക്കയ്ക്ക് വേണ്ടി. 


പൊടുന്നനെ അവളുടെ മിഴികൾ നീരണിയാൻ കാരണഹേതുവായവനെ പറ്റി ഓർത്തതും അവളുടെ കൈത്തണ്ടയിൻ മേലുള്ള വർധന്റെ പിടിത്തം ഇറുകാൻ തുടങ്ങി, മുഖവും... അവളെയും ചേർത്തു പിടിച്ചു അവൻ വെഗ്രതയോടെ മുന്നോട്ടു ചുവടുകൾ വച്ചു. സ്റ്റാഫ് റൂമിന്റെ മുന്നിലെ കോറിഡോറിലൂടെ നടന്നു വരുന്ന അവർ ഇരുവരെയും കണ്ടു സ്റ്റാഫ്‌ റൂമിലിരുന്ന ആദർശും മറ്റ് അധ്യാപകരും ആ കാഴ്ച കണ്ടു അന്തം വിട്ട് നിന്നു. വർധൻ ആർക്കും മുഖം കൊടുക്കാതെ റബേക്കയെ പിടിച്ചു വലിച്ചു കൊണ്ട് സ്റ്റാഫ് റൂമിനകത്തേക്ക് കയറി ചെന്നു, അയാളുടെ മുഖത്തു ജ്വലിച്ചു നിന്നിരുന്ന കോപം ആ റൂമിൽ കൂടി നിന്ന മറ്റുള്ളവരിൽ ഒരു പിടപ്പ് ഉയർത്തി. അയാൾ മുഖം ചെരിച്ചു അവിടെ കൂടി നിന്നവരെയെല്ലാം ഒന്നു നോക്കി, പൊടുന്നനെ ഓരോരുത്തരായി ആ മുറിവിട്ട് പുറത്തേക്കിറങ്ങി. 


എല്ലാവരും ഇറങ്ങി പോയതും റബേക്കയുടെ കയ്യിലെ പിടി അയച്ച ശേഷം വർധൻ ആദർശിന് നേരെ ഉറച്ച ചുവടുകൾ വച്ചു. ആദർശിന്റെ കണ്ണിൽ അയാൾ ഒരു ഭയം ദർശിച്ചു,അത് ശ്രദ്ധിക്കാതെ ആദർശിന്റെ അരികിൽ ചെന്നു അവന്റെ തോളിലൂടെ കൈ ചുറ്റിപിടിച്ചു വർധൻ അവന്റെ കാതോരം ശാന്തനായി കനത്ത സ്വരത്തിൽ പറഞ്ഞു: 


"നീ ഇവിടെ പഠിപ്പിക്കാൻ വരുന്നതോ അതോ പെണ്ണുപിടിക്കാനോ ? എന്തിനാണ് ആ പാവത്തിനെ ഉപദ്രവിക്കാൻ ശ്രമിച്ചത്? സത്യം പറഞ്ഞാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ ഈ സ്കൂളിൽ എല്ലാവരും കാൺകെ നിന്നെ ഞാൻ ചവിട്ടിക്കൂട്ടും. അറിയാമല്ലോ നിനക്കെന്നെ? അനിയനും ചേട്ടനും ഒക്കെ അങ്ങ് മാരാത്ത്, സത്യം പറയെടാ??"


ആദർശ് ഒന്നു പിടഞ്ഞു പോയി, എന്നാൽ കൗശലത്തോടെ ഭാവങ്ങൾ നിയന്ത്രിച്ചു അവൻ നിഷേധരൂപേണ തല വെട്ടിച്ചു പതർച്ചയോടെ പറഞ്ഞു: 


"ഏട്ടന് ഞാൻ പറയുന്നത് വിശ്വാസമില്ലേ? ഈ പൊട്ടിയൊന്നു കരഞ്ഞു കാണിച്ചപ്പോൾ ഞാൻ കള്ളനായി. ഇവൾ അത്ര നല്ലതൊന്നുമല്ല, എന്നെ മാത്രമല്ല ഇവിടെയുള്ള വേറെ കുറേ സാറുമാരെയും വലയിലാക്കാൻ നടക്കുന്ന പിഴയാണ് ഇവൾ ... അല്ലെങ്കിൽ ഇവളുടെ കാര്യത്തിൽ ഏട്ടൻ എന്തിനാണ് ഇത്ര വേവും വേവലാതിയും? നിങ്ങളുടെ പ്രൈവറ്റ് പ്രോപ്പർട്ടി ഒന്നുമല്ലല്ലോ റബേക്ക ? നിങ്ങൾ വച്ചോണ്ടിരിക്കുന്ന മുതലാണ് എന്ന് ഞാൻ... "


ആദർശ് ആവേശത്തോടെ കത്തിക്കയറി പറഞ്ഞു തീരും മുൻപേ അവന്റെ കഴുത്തിൽ അടിവീണു. വർധൻ പല്ലുകടിച്ചു ഒരു ചീത്തവിളിച്ചു അമറിക്കൊണ്ട് അവന്റെ കഴുത്തിനു കുത്തിപ്പിടിച്ചു ചുവരിലേക്ക് ചേർത്തുവച്ചു തന്റെ മുട്ടുകാല് മടക്കി ആദർശിന്റെ അടിവയറ്റിൽ ആഞ്ഞു തൊഴിച്ചു. അവൻ ശ്വാസം കിട്ടാതെ നിന്ന് വേദന കൊണ്ട് പുളയവേ വർധൻ അവനെ വലിച്ചു പൊക്കി നീക്കി റബേക്കയുടെ കാൽക്കീഴിലേക്ക് ചുരുട്ടിഎറിഞ്ഞു. അവൾ ഭയത്തോടെ പിന്നോക്കം നീങ്ങി. വർധൻ ഷർട്ടിന്റെ സ്ലീവ് മടക്കി വച്ചു മുന്നോട്ട് നടന്നു വന്നു നിലത്തു വീണു കിടന്ന അവന്റെ നെഞ്ചത്തേക്ക് വലതു കാൽ ഉയർത്തി ചവിട്ടി നിർത്തി, ആദർശ് ആഞ്ഞു ഒന്ന് ചുമച്ചു. 


അരികിൽ പേടിച്ചരണ്ട് നിൽക്കുന്ന റബേക്കയുടെ കൈത്തണ്ടയിൽ പിടിച്ചു അവളെ അരികിലേക്ക് വലിച്ചു നീക്കി നിർത്തി വർധൻ ഉറക്കെ പ്രഖ്യാപിച്ചു, 

"ടാ കുഞ്ഞമ്മേടെ മൂത്ത മോനെ, മേലാൽ നിന്നെ എന്റെ ഈ സ്കൂളിന്റെയോ ആ കോളേജിന്റെയോ, ദാ ഈ പെണ്ണിന്റേയോ പരിസരത്തു ഞാൻ കണ്ടുപോകരുത്. പട്ടാപ്പകല് ക്യാമറയും ഓഫ് ആക്കി, അവളെ കേറിപ്പിടിക്കാൻ നോക്കിയിട്ട് നീ എന്നോട് കഥ മിനയുന്നോ? ഇത്ര കാലത്തിനിടയ്ക്ക് ഞാൻ എത്ര പെണ്ണുങ്ങളെ ചിലവിനു കൊടുത്തു നിർത്തുന്നത് നീ കണ്ടു? ഇവളെനിക്ക് ആരാണെന്ന് നിനക്ക് ഇതുവരെയും മനസിലായില്ലേ? ഈ തല്ലെല്ലാം കിട്ടിയിട്ടും മനസിലായില്ലേ? എന്നാൽ നീ ചെവി തുറന്നു വച്ചു കേട്ടോ, നിന്റെ ചോദ്യത്തിനുള്ള എന്റെ ഉത്തരം, ഇനിയൊരിക്കലും നീ ആവർത്തിക്കാതിരിക്കാനായി ഞാൻ പറയുന്നു, ഇവൾ ഈ റബേക്ക... വർധന്റെ സ്വകാര്യ സ്വത്തു തന്നെയാണ്, എന്റെ മരണം വരെയും അതിന് ഇനി ചേഞ്ച് ഒന്നും വരാൻ പോകുന്നില്ല. വഴിയേ അലയുന്ന ഏതു പട്ടിക്കും ചെറ്റയ്ക്കും കൈവയ്ക്കാൻ ഇവൾ ചോദിക്കാനും പറയാനും ആരുമില്ലാത്ത അനാഥയൊന്നുമല്ല, മനസ്സിലായോഡാ പകൽമാന്യ..."


വർധന്റെ മുഖത്തേക്ക് നോക്കി നിന്നിരുന്ന റബേക്ക അയാളുടെ അധരങ്ങൾ ഉരുവിട്ട വാക്കുകളുടെ അർത്ഥം മനസ്സിലായതും പിടഞ്ഞു പോയി. വർധൻ തന്റെ ഇടത് കൈ അവളുടെ ഉദരത്തിനു അരികിലേക്ക് ചേർത്തു പിടിച്ചു വച്ചു കുറച്ചു കൂടി ശക്തമായി അവളെ തന്നോട് ചേർത്തു നിർത്തി തന്റെ സ്നേഹദാർഢ്യം പ്രകടിപ്പിച്ചു തുടർന്നു പറഞ്ഞു, 


"നിന്റെ ഈ ഏട്ടന്റെ പെണ്ണാണ്, ഏട്ടത്തിയമ്മയാണ് ഇവൾ. ആ ഓർമ്മ ഇനിയെപ്പോഴും റബേക്കയെ കാണുമ്പോൾ നിനക്ക് ഉണ്ടാകണം, ഇല്ലെങ്കിൽ എന്റെ മറ്റൊരു മുഖം നീ കാണും. കാണേണ്ടി വരും. പിന്നെ നീ എന്താ പറഞ്ഞത് പൊട്ടി എന്നോ? കാത് കേൾക്കാത്തത് ഇവൾക്കാണ്, എനിക്ക് നല്ലപോലെ കേൾക്കും... എല്ലാം കേൾക്കാം, ഇവൾക്കായി കേൾക്കാനും പറയാനും ഈ ഞാൻ ജീവനോടെയുണ്ട് അതുകൊണ്ട് നീ എന്നെ കൊണ്ട് കൂടുതൽ കേൾപ്പിക്കാൻ നോക്കരുത്, നിൽക്കരുത്... ഇത് നിനക്കുള്ള ആദ്യത്തേതും അവസാനത്തേതുമായ വാണിംഗ് ആണ്. ഓർത്തു വച്ചോ... എഴുന്നേറ്റു പോടാ... "


വർധൻ കാല് മടക്കി ആദർശിന്റെ മുഖത്തിനിട്ടു ഒരു ചവിട്ട് കൂടി കൊടുത്ത ശേഷം റബേക്കയുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നു. അയാൾ പറഞ്ഞ വാക്കുകളിൽ ചിലതിന്റെ അർത്ഥം തേടി അവളുടെ മിഴികൾ വർധന്റെ മുഖത്ത് ഓടിനടക്കുകയായിരുന്നു ഈ നിമിഷങ്ങളിൽ എല്ലാം. ഇയാൾക്ക് പരഹൃദയജ്ഞാനം കൂടിയുണ്ടോ എന്നവൾ മനസ്സിൽ വിസ്മയം പൂണ്ടു. എന്നാൽ അവൾക്ക് പിടികൊടുക്കാതെ, മുഖത്ത് ക്രൗര്യം നിറച്ചു കൊണ്ട്, പുറത്ത് കൂടി നിന്നവരെ നോക്കാതെ അയാൾ അവളെ പിടിച്ചു വലിച്ചു കോറിഡോറിലൂടെ നടന്നു നീങ്ങി. വേഗത്തിൽ തന്റെ ഓഫീസ് റൂമിന് അകത്തേക്ക് കയറി ചെന്നു റൂമിനകത്തു നിന്നിരുന്ന അലോഷിയോട് പുറത്തേക്ക് പോകാൻ അയാൾ കൺകളാൽ ആംഗ്യം കാട്ടി. വർധന്റെ മുഖത്തു നിറഞ്ഞു നിന്നിരുന്ന ഭാവം മനസ്സിലായതും മടിയോടെയാണെങ്കിലും അലോഷി മറുത്തൊന്നും പറയാതെ പുറത്തേക്ക് നടന്നു, അവളുടെ കൈത്തണ്ടയിൽ നിന്നുള്ള തന്റെ പിടി വിടാതെ തന്നെ ആ റൂമിന്റെ ഡോറടച്ചു വർധൻ ലോക്ക് ചെയ്തു...


കബീറിന് തലപെരുക്കുന്ന പോലെ തോന്നി. അയാൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി... വർധന്റെ മൊഴിയെടുക്കാൻ പോകാൻ വൈകിയതിൽ.. കബീർ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ടു അടുത്ത പേജ് ക്ലിക്ക് ചെയ്തു.


തുടരും...  


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Romance