Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

Sabitha Riyas

Romance Crime Thriller


4  

Sabitha Riyas

Romance Crime Thriller


ഇന്നേക്ക് ഏഴാം നാൾ - 13

ഇന്നേക്ക് ഏഴാം നാൾ - 13

9 mins 233 9 mins 233

കബീർ തിടുക്കത്തിൽ കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റു നിന്നു. നിലത്തു രണ്ടായി പിരിഞ്ഞു വീണു കിടന്നിരുന്ന ആ ബുക്കിന്റെ പുറം ചട്ടയിൽ കൊരുത്തിരുന്ന കട്ടികൂടിയ ആ ചരടിന്റെ അറ്റതായി ചെറിയ ഒരു പെൻഡ്രൈവ് ഇഴചേർന്നു കിടക്കുന്നത് അയാളുടെ കണ്ണിൽ ഉടക്കി. ആ ബുക്കിന്റെ അതേ ഡിസൈനിൽ തീർത്തൊരു ചെറിയ ബുക്കിന്റെ മാതൃകയിൽ ഉള്ളൊരു പെൻഡ്രൈവ്... 


കബീറിന് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല. കബീർ തിരിഞ്ഞു ബെഡ്‌ലാമ്പിനു അരികിൽ ഇരുന്ന പേനയെടുത്തു ക്യാപ് മാറ്റി വിരലുകൾക്ക് ഇടയിലേക്ക് തിരുകി വച്ചു കുനിഞ്ഞു പതിയെ ആ പെൻഡ്രൈവ് ഒന്ന് തട്ടി തെറിപ്പിക്കുന്നു. അൽപ്പനേരം കഴിഞ്ഞു കബീർ സംശയത്തോടെ പതിയെ മുന്നോട്ട് നടന്നു ചെന്നു ആ പെൻഡ്രൈവ് എടുത്തു അതിന്റെ ക്യാപ് ഊരി നോക്കുന്നു. sandisk ബ്രാൻഡിന്റെ 32 ജിബിമെമ്മറി ഉള്ള ഒരു OTG മോഡൽ പെൻഡ്രൈവ് ആയിരുന്നു അത്. അതിന്റെ ക്യാപ്പിന് മുകളിലായി P- റബേക്ക എന്ന് ചെറിയ അക്ഷരങ്ങളിൽ ചുവന്ന മഷിയിൽ എഴുതിയിരുന്നു. 


കബീർ പിന്നീട് കൂടുതൽ ഒന്നും ആലോചിച്ചില്ല അയാൾ ആ പെൻഡ്രൈവ് കൈവെള്ളയിൽ ചുരുട്ടിപിടിച്ചു കൊണ്ടു ആ മുറിയുടെ അ കിടന്നിരുന്ന തന്റെ സ്റ്റഡിടേബിളിനു അരികിലേക്ക് നടന്നു. ടേബിളിന് പുറത്തിരുന്നിരുന്ന ലാപ്ടോപ് തുറന്നു ഓൺ ചെയ്തു, സ്ക്രീൻ തെളിഞ്ഞതും ആ പെൻഡ്രൈവ് കണക്റ്റ് ചെയ്തു കൊണ്ടു ബെഡിനരുകിലേക്ക് തിരികെ പോയി ചെന്നിരുന്നു. പെൻഡ്രൈവ് ഫോൾഡർ അയാളുടെ ലാപ്ടോപ് സ്ക്രീനിൽ ഓപ്പൺ ആയി കബീറിനോട് പാസ്‌വേർഡ് ചോദിച്ചു. രണ്ടാമതൊന്നു ആലോചിക്കാതെ കബീർ റബേക്ക എന്ന് ടൈപ്പ് ചെയ്തു. ഫോൾഡർ ഓപ്പൺ ആയി. 


സ്ക്രീനിൽ തെളിഞ്ഞ വിൻഡോയിലെ മറ്റൊരു ഫോൾഡറിൽ ഒരൊറ്റ ഡോക്യുമെന്റ് ഫയൽ മാത്രമായിരുന്നു തെളിഞ്ഞത്. കബീർ അക്ഷമയോടെ ആ ഫയൽ ക്ലിക്ക് ചെയ്തു. ക്രിസ്റ്റഫറിന്റെ റൂമിൽ നിന്നും ലഭിച്ച ആ ഹാൻഡ് ബുക്കിന്റെ അതേ മാതൃകയിൽ സ്‌ക്രീനിൽ ഒരു വിൻഡോ ഓപ്പൺ ആയി. ഒരു ബുക്കിൽ നിറഞ്ഞു നിൽക്കുന്ന പേജുകൾ പോലെ അനേകം ഫോട്ടോ ഫയലുകൾ സ്കാൻ ചെയ്തു കൂട്ടിച്ചേർത്ത ഒരു pdf ഫയൽ ഓപ്പൺ ആയി വന്നു. ആ ഫയലിൽ ഉണ്ടായിരുന്ന എല്ലാ ഫോട്ടോകൾക്ക് ഉള്ളിലും എന്തൊക്കെയോ എഴുതിയിരുന്നു. ബുക്കിൽ പേനയാൽ ആരോ എഴുതിയത് ഫോട്ടോ എടുത്തു കൂട്ടിയോജിപ്പിച്ച നിലയിലായിരുന്നു അവ ഓരോന്നും. കബീറിന്റെ കയ്യിൽ നിന്നും താഴേക്ക് വീണ ആ ബുക്കിലെ പേജുകൾ പോലെ ആ ഫോട്ടോകളിൽ കാണുന്ന ബുക്കിലെ പേജുകളും പകുതിക്ക് വച്ചു മടക്കി ചുരുളുകൾ ആയി ഡിസൈൻ ചെയ്തു കാണപ്പെട്ടു. കബീർ ആ ലാപ്ടോപ് സ്‌ക്രീനിൽ തനിക്ക് മുന്നിൽ ഓപ്പൺ ആയി വന്ന ആദ്യത്തെ ഫോട്ടോയിൽ ക്ലിക്ക് ചെയ്ത് ഓപ്പൺ ആക്കി സൂം ചെയ്തു നോക്കുന്നു. അയാൾക്ക് മുന്നിൽ ഓപ്പൺ ആയി വന്ന ആദ്യത്തെ ഫോട്ടോയിൽ ചെറിയ അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിരുന്നു. 


"സത്യസന്ധമായ നുണകളാണ് ഓരോ തീവ്രമായ പ്രണയവും... ഒരിക്കൽ കഴിഞ്ഞു പോയ ഒരു വസന്തത്തിൽ കൊഴിഞ്ഞു വീണൊരു പൂവിന്‍റെ ഓര്‍മ്മകളുമായ് ഞാനെന്നും അവളുടെ ഉള്ളിൽ ജീവിക്കും...


ഇന്ന് ഞാൻ അവളെ വളരെ അടുത്തു കണ്ട ഒന്നാം നാൾ... വർധൻ "


കബീർ പലവുരു ആ വരികൾ വായിച്ചു നോക്കി. ഇത് ആര് എഴുതിയതാകും, വർധനാണോ? അതോ റബേക്കയോ? ഇനി ക്രിസ്റ്റഫറാണോ? കബീർ പലവുരു ആ വരികൾ വായിച്ചു നോക്കി. ആരുടെ കയ്യക്ഷരമാണ് ഇത്? മനോഹരമായ ചെറിയ അക്ഷരങ്ങൾ. 


ഇന്ന് ഞാൻ അവളെ വളരെ അടുത്ത ഒന്നാം നാൾ എന്ന ആ വരികൾക്ക് ചുറ്റും കബീറിന്റെ മിഴികൾ വട്ടം കറങ്ങി. കബീർ അടുത്ത ഫോട്ടോയിൽ ക്ലിക്ക് ചെയ്തു സൂം ചെയ്തു അതിൽ എഴുതിയിരുന്ന വരികൾ വായിച്ചു തുടങ്ങി. അയാൾക്ക്‌ മുന്നിൽ ഒരു തിരശ്ശീല ഉയർന്നു. രംഗത്ത് നായകനും നായികയും കടന്നു വന്നു. ഗോവർധന്റെയും റബേക്കയുടെയും മുഖമായിരുന്നു അവർക്ക്. 


"പഠിപ്പിക്കാനാണെന്ന് പറഞ്ഞു നീ ഇനി ഈ സ്കൂളിന്റെ പടിയെങ്ങാനും ചവിട്ടിയെന്നു ഞാനറിഞ്ഞാൽ പൊന്നുമോളെ നിന്റെ മുട്ടുകാല് രണ്ടും ഞാൻ തല്ലിയൊടിക്കും. വർധന് ഒരൊറ്റ തന്തയെ ഉള്ളൂ, ആലത്തൂർ വസുദേവ മാരാർ, പിന്നെ എന്റെ അച്ഛനെ സോപ്പിട്ടു കുപ്പിയിലാക്കി വീണ്ടും ഇവിടെ തിരിച്ചു കയറാനാണ് നിന്റെ പ്ലാൻ എങ്കിൽ നടക്കൂല മോളെ, നടത്തിക്കില്ല ഞാൻ,എന്താണ് കാര്യം എന്ന് വച്ചാൽ മാരാരുടെ പേരിൽ അല്ല അങ്ങേരുടെ മൂത്തമോൻ ഈ ഗോവർധന്റെ പേരിലാണ് ഈ സ്കൂളും അതിനു ചുറ്റുമുള്ള സ്ഥാവരജംഗമ വസ്തുക്കളും. രാവിലെ തന്നെ കൈ മിനക്കെടുത്താൻ ഇറങ്ങിക്കോളും ഓരോന്നു, ഇവളെ ഇന്ന് ഞാൻ." 


വർധൻ കോപത്താൽ അലറുകയാണെന്ന് അയാൾക്ക് അരികിൽ നിന്നിരുന്ന അലോഷിക്കും ചുറ്റിനും കൂടി നിന്നിരുന്ന മറ്റു അധ്യാപകർക്കും തോന്നി. വർധൻ അരിശം അടക്കാൻ കഴിയാതെ തന്റെ മുന്നിൽ തലതാഴ്ത്തി ഭയന്നു വിറച്ചു നിൽക്കുന്ന റബേക്കയുടെ നേരെ വിരൽ ഞൊടിച്ചു വിളിച്ചു.


"ടീ... ടീ ഇവിടെ ... ഇവിടെ ... ഇങ്ങോട്ട് എന്റെ മുഖത്തേക്ക് നോക്ക്?" 


റബേക്ക തല താഴ്ത്തി തന്നെ നിന്നു, അയാൾക്ക് സിരകളിലൂടെ ദേഷ്യം ഇരച്ചു കയറാൻ തുടങ്ങി. വർധൻ ചുറ്റിനുമൊന്നു കണ്ണോടിച്ചു. തനിക്ക് അരികിലായി കാണപ്പെട്ട കമ്പ്യൂട്ടർ ടേബിളിന്റെ മുകളിൽ ലാബിൽ പ്രാക്ടീസ് ചെയ്യാൻ എത്തുന്ന കുട്ടികൾ അസ്സെൻമെന്റ് പേപ്പറുകൾ അടുക്കിവയ്ക്കുന്നൊരു ഫയൽ കയ്യെത്തി വലിച്ചെടുത്തു റബേക്കയുടെ നേരെ വലിച്ചെറിഞ്ഞു, ആ ഫയലിന്റെ കൂർത്ത അഗ്രഭാഗം അവളുടെ നെറ്റിത്തടത്തിൽ ഉരസി ചെറിയൊരു മുറിവ് സൃഷ്ടിച്ചു താഴേക്ക് തെറിച്ചു വീണു, റബേക്ക ഇടതു കൈത്തലം ഉയർത്തി നെറ്റിത്തടം പൊതിഞ്ഞു പിടിച്ചു. 


"വർധൻ ..."


പൊടുന്നനെ അലോഷിയുടെ സ്വരം അവിടെ ഉയർന്നു, റബേക്കയുടെ നെറ്റിത്തടത്തിൽ നിന്ന് ചോരപൊടിഞ്ഞു തുടങ്ങി, ആ കാഴ്ച കണ്ടതും ആദർശ് പകയോടെയും അലോഷി ദയയോടെയും റബേക്കയെ നോക്കി. അവൾ മറുത്തു പ്രതികരിക്കാൻ നിൽക്കാതെ തന്റെ സാരിത്തലപ്പ് ഉയർത്തി മുറിവിൽ അമർത്തിപ്പിടിച്ചു നിഛലയായി തന്നേ നിന്നു, അവളുടെ ഇമകൾ വേദന സഹിക്കാൻ കഴിയാത്ത പോലെ ചിമ്മി ചിമ്മി അടഞ്ഞു, മിഴിനീർ തുള്ളിതുളുമ്പി ഒഴുകി തുടങ്ങിയിരുന്നു. അവളുടെ നിഛലമായ ആ സ്ഥായിഭാവം വർധനെ വീണ്ടും കോപാകുലനാക്കി, അയാൾ അവൾക്ക് അരികിലേക്കു കുതിച്ചു, അയാളുടെ ലക്ഷ്യം അവളാണ് എന്ന് മനസിലാക്കിയ അലോഷി വർദ്ധന്റെ കൈത്തണ്ടയിൽ കടന്നു പിടിച്ചു പിറകിലേക്ക് വലിച്ചു പതിയെ പറഞ്ഞു, 


"വർധൻ. മതി... ഇനി നിർത്തൂ. ആളുകൾ എല്ലാം നോക്കുന്നു... പ്ലീസ്... വിട്ടേക്കൂ അതൊരു മിണ്ടാപ്രാണിയാണ്, അവൾ മൂലം ലാബിൽ ഉണ്ടായ നഷ്ടം തീരെ ചെറുതാണ് എന്നാൽ അവൾക്ക് ഒരബദ്ധം പറ്റിപോയതാകാം. പോട്ടെ പറഞ്ഞു വിട്ടേക്കൂ അതിനെ. നാളെ സത്യങ്ങൾ മറ്റൊന്നാണ് എന്ന് തിരിച്ചറിയുമ്പോൾ നിനക്കൊരു കുറ്റബോധം തോന്നരുത്. ഒന്നുമില്ല എങ്കിലും അതൊരു പൊട്ടിപെണ്ണല്ലേടാ?" 


എന്നാൽ വർധൻ അയാൾ പറഞ്ഞത് ഒന്നും ഗൗനിക്കാതെ പുച്ഛത്തോടെ അലോഷിയുടെ കൈത്തലം തട്ടിയെറിഞ്ഞു കൊണ്ട് അവൾക്ക് അരികിലേക്ക് തന്റെ ഉറച്ച ചുവടുകൾ വച്ചു. അയാൾ അവൾക്കരികിൽ ചെന്നു നിന്നതും റബേക്ക അറിയാതെ ഒന്ന് പിടഞ്ഞുപോയി. വർധന്റെ ചുടു നിശ്വാസം അവളുടെ മുഖത്തേക്ക് പരന്നു. അവൾ വേവലാതിയോടെ അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ മിഴികൾ അവന്റെ കറുത്തതും പടലങ്ങൾ വെളുത്തതും നീണ്ടുവിടർന്നതുമായ മിഴികളുമായി കൂട്ടിമുട്ടി. അവളുടെ നോട്ടം തന്റെ ആത്മാവിലേക്ക് ആഴത്തിൽ തറഞ്ഞുകയറുന്നത് പോലെ വർധനു തോന്നി. അയാൾ റബേക്കയുടെ മിഴികളിൽ ഉടക്കി നിന്നിരുന്ന തന്റെ ദൃഷ്‌ടി അവളുടെ നെറുകയിലെ മുറിവിലേക്ക് മാറ്റി, വർധന്റെ മനസ്സ് ഒന്ന് തണുത്തു പക്ഷേ ഒരു നിമിഷം കൊണ്ടയാൾ തന്റെ മുഖത്തു വെറുപ്പിന്റെ മൂടുപടമെടുത്തണിഞ്ഞു, സ്വയം നിയന്ത്രിച്ചു വർധൻ അവൾക്ക് നേരെ ശബ്ദമുയർത്തി പറഞ്ഞു:


"ഇവിടെ ഈ ജോലിയിൽ നിനക്ക് ഇനി തുടരണം എങ്കിൽ അഞ്ചു നിമിഷത്തിനുള്ളിൽ നീ എന്റെ കാബിനിൽ എത്തിയിരിക്കണം..."


റബേക്കയുടെ മൗനം വർധനെ വെറിപിടിപ്പിച്ചു. അയാൾ അമർഷത്തോടെ കൈ ചുരുട്ടി പുറത്തേക്ക് നടന്നു. പോകുന്ന വഴിയിൽ അലോഷിയോടായി പറഞ്ഞു.


"വിളിച്ചോണ്ട് വാടാ അവളെ...'


വർധൻ ലാബിൽ നിന്നും പുറത്തേക്ക് ഇറങ്ങിയതും അലോഷി റബേക്കയുടെ അരികിലേക്ക് ചെന്നു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു വർധന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു. ഈ രംഗങ്ങൾ എല്ലാം അവിടെ നടമാടാൻ ഇടയാക്കിയ ആദർശ് ഇതൊന്നും തന്നേ ബാധിക്കുന്ന പ്രശ്നമേ അല്ല എന്നപോലെ മൊബൈലിൽ നോക്കി ചിരിച്ചു കൊണ്ടു ലാബിൽ നിന്നും സ്റ്റാഫ്‌ റൂമിലേക്ക് ഇറങ്ങി നടന്നു. ആ ലാബിൽ കൂടിയിരുന്ന അധ്യാപകർ ഓരോരുത്തരായി എന്താകും ഇനി റബേക്കയുടെ അവസ്ഥ എന്നാലോചിച്ചു പരസ്പരം സഹതപിച്ചു. വർധന്റെ കാബിനിൽ അവന്റെ അരികിലായി റബേക്ക നിശ്ശബ്ദയായി ശാന്തയായി നിന്നു. വർധൻ അരിശം അടക്കി അവളോട് ചോദിച്ചു.


"ഡീ...നിനക്ക് ചെവി കേൾക്കില്ല എന്നുളളത് പോട്ടെ, അതൊരു കുറ്റമല്ല കുറവുമല്ല, പക്ഷേ സംസാരിക്കാൻ കഴിയുമല്ലോ? എന്നാലും ബധിരയും മൂകയും അന്ധയുമാണ് എന്ന സമീപനമാണ് നിനക്ക് എങ്കിൽ ഞാൻ എന്താ വേണ്ടത്, നീ തന്നെ പറയ്? ആ ലാബിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് ആര് സമാധാനം പറയും? നീ ഇനി ഇവിടെ ജോലിയിൽ തുടരണം എങ്കിൽ ആ നശിപ്പിച്ച മുതലുകളുടെ ക്യാഷ് എനിക്ക് നാളെ കിട്ടണം... ഞാൻ പറയുന്നത് വല്ലോം നീ കേൾക്കുന്നുണ്ടോ പെണ്ണെ?"


തന്നോട് എന്താണ് ഈ കാട്ടാളൻ പറയുന്നതെന്ന് 

മനസിലാക്കിയെടുക്കാനായി റബേക്ക വർധന്റെ അധരങ്ങളുടെ ചലനങ്ങൾ ശ്രദ്ധിച്ചു.


"ഡീ...നിനക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ?" 


അവളുടെ ആ പ്രവർത്തിയിൽ വർധൻ ക്ഷുഭിതനായി. റബേക്കയെ നോക്കി നോക്കി അവൻ വീണ്ടും ആവർത്തിച്ചു ചോദിച്ചു,


" നിനക്ക് എന്തെങ്കിലും പറയാനുണ്ടോ കൊച്ചേ?"


ഒരു നിമിഷം ആ മുറിയിലാകമാനമൊരു നിശബ്ദത നിറഞ്ഞു. റബേക്കയുടെ അൽപ്പം ഈറനായ സ്വരം പൊടുന്നനെ വർധന്റെ കാതോരം മുഴങ്ങി.  


"ക്യാഷ് ഒന്നും തരാൻ ഇല്ല അത് കൊണ്ടു ഞാൻ ജോലിയിൽ നിന്നും പിരിഞ്ഞു പൊയ്ക്കോളാം..."


അവന്റെ കാതുകളിൽ അവളുടെ സ്വരം ഒരു തണുത്ത ഇളം തെന്നൽ പോലെ ഒഴുകി വന്നു തലോടി, അവൾ വാക്കുകൾക്കായി ബുദ്ധിമുട്ടുന്ന പോലെ വർധൻ അറിഞ്ഞു. ആ നിമിഷം കവി അയ്യപ്പനൊപ്പം ഒരു യുവ തലമുറ മുഴുവൻ ഒരിക്കൽ ഏറ്റുപാടിയിരുന്ന പ്രണയർദ്രമായ ചില വരികൾ ആരോ മുഴക്കമാർന്നൊരു സ്വരത്തിൽ തന്റെ അരികിലിരുന്നു ചൊല്ലുന്നതായി വർധനു തോന്നി. ഈ പെണ്ണിന് ഏറെ പ്രിയപ്പെട്ട ഒരാൾ... 


"നിന്നോളം ഒരു നിഴലും എന്നെ അലട്ടിയിട്ടില്ല, 

നിന്നോളമൊരു വസന്തവും എന്നിൽ വേരിട്ടിട്ടുമില്ല"


അർത്ഥമേറിയ ആ വരികളുടെ ആഴങ്ങളിൽ മുഴുകി സ്വയം മറന്നു നിൽക്കുന്നത് അഡ്വക്കേറ്റ് ഗോവർധൻ മാരാർ എന്ന വർധൻ, സ്ഥലത്തെ പ്രധാന ക്രിമിനൽ ലോയർ ആലത്തൂർ വസുദേവ മാരാരുടെ ഏകമകനും ആ നാട്ടിലെ അറിയപ്പെടുന്ന കേസില്ലാ വക്കീലുമാണ് റബേക്കയുടെ ഈ കാട്ടാളൻ. ബിരുദത്തിന് ശേഷം അച്ഛന്റെ പാത പിന്തുടർന്നു വർധൻ നിയമബിരുദം നേടിയെങ്കിലും അയാളുടെ എടുത്തുചാട്ടവും മുൻകോപവും മൂലം സ്വന്തം കേസ് വാദിക്കാൻ മറ്റൊരു വക്കീലിനെ സ്ഥിരമായി നിയമിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ. എന്നാൽ മകന്റെ സ്വഭാവത്തിലും പ്രവർത്തിയിലും യാതൊരു പരാതിയും പരിഭവവും പറയാത്ത ഒരു ന്യൂ ജനറേഷൻ അച്ഛനായിരുന്നു വസുദേവമാരാർ. വർധന്റെ അനിയത്തി ഋതുവിന്റെ ഭാഷയിൽ പറഞ്ഞാൽ "അച്ഛനാണ് അച്ഛാ അച്ഛൻ ', എന്നാൽ വർധന്റെ കോപത്തെ അടക്കി നിർത്താൻ അദ്ദേഹത്തിനും സാധിച്ചിരുന്നില്ല. വർധന്റെ മുൻകോപത്തെ അടക്കി നിർത്താൻ കഴിയുന്ന രണ്ടേ രണ്ടു പേരെ ഈ ഭൂമിയിൽ ഉള്ളൂ, അമ്മ സുധാദേവി മാരസ്യാരും അനിയത്തി അമ്മാളു എന്ന ഓമനപ്പേരുള്ള ഋതുവും. 


വർധൻ പുറമെ ആളൊരു മുൻകോപി ആണെങ്കിലും അകമേ ശുദ്ധനായിരുന്നു, അയാളുടെ അടുക്കും ചിട്ടയുമില്ലാത്ത ജീവിതത്തിനു ഒരു മാറ്റം വരുമല്ലോ എന്ന് കരുതിയാണ് വസുദേവ മാരാരുടെ അമ്മയുടെ ഓർമ്മയ്ക്കായി സുധാദേവി നടത്തിക്കൊണ്ട് വന്നിരുന്ന മിത്രാ മാരസ്യാർ മെമ്മോറിയൽ ഡെഫ് ആൻഡ് ടംബ് സ്കൂളിന്റെയും, കോളേജിന്റെയും, ഒപ്പം ആലത്തൂർ ടിമ്പേഴ്സിന്റെയും ഉത്തരവാദിത്യം വർധനെ അവർ ഏൽപ്പിച്ചത്. വന്ന ഒരു വർഷം കൊണ്ട് വർധൻ സ്കൂളിലെ കുട്ടികൾക്ക് പ്രിയപ്പെട്ടവനായി മാറിയിരുന്നു. ഒപ്പം കോളേജിലെ പെൺകുട്ടികളുടെ ആരാധ്യപുരുഷനും. വർധൻ കാണാനും ആളൊരു സുന്ദരൻ തന്നെയായിരുന്നു, ഏതു പെണ്ണും മോഹിക്കുന്ന സുമുഖനായ ചെറുപ്പക്കാരൻ, എന്നാൽ അയാളുടെ സ്കൂളിലെ ടീച്ചറായ റബേക്ക ഒഴികെയുള്ള മറ്റെല്ലാ പെൺകുട്ടികളും വർധന്റെ കടാക്ഷത്തിനായി എന്നും പരസ്പരം മത്സരിച്ചിരുന്നു. 


വർധനും റബേക്കയും തമ്മിൽ കണ്ടനാൾ മുതൽ അത്ര നല്ല സ്വരചേർച്ചയിൽ അല്ല. അയാൾ തെക്ക് എവിടെ എന്ന് ചോദിച്ചാൽ അവൾ വടക്ക് അവിടെ എന്ന് മറുപടി പറയും, ഏതു സമയവും അവളേതോ സ്വപ്നലോകത്തിൽ ആണെന്നാണ് വർധന്റെ വാദം, എന്നാൽ വക്കീലിനോട് വാദിച്ചു ജയിക്കാൻ തനിക്ക് കഴിയില്ല എന്നൊരു മറുപടിയിൽ റബേക്ക തന്റെ ചോദ്യവും ഉത്തരവും ഒതുക്കും. അവളുടെ ആ ഭാവം ദർശിക്കുമ്പോൾ ജയിച്ചിട്ടും താൻ തോറ്റുപോയി,അവൾ എന്നെ തോൽപ്പിച്ചു എന്നൊരു ഭാവം വർധനിൽ ഉദയം ചെയ്യും. വെറുതെ ഒരു ഈഗോ...അവൾക്ക് ചെവി കേൾക്കാൻ കഴിയില്ല എന്ന കുറവിനെ എടുത്തു കാട്ടി അവളുടെ ഭർത്താവും വീട്ടുകാരും അവളെ ഉപേക്ഷിച്ചിട്ട് കടന്നു പോയിട്ടും തന്റെ കുറവിനെ നികത്തി ആർക്കു മുന്നിലും താഴ്ന്നു കൊടുക്കാതെ തലയുയർത്തി പിടിച്ചു ജീവിക്കുന്ന അവളോട് വർധന് എന്നും മതിപ്പായിരുന്നു. അവളുടെ ഭൂതകാലം പലതും താൻ അറിഞ്ഞതായി അയാൾ ഒരിക്കലും ഭാവിച്ചിരുന്നില്ല, പകരം അവളോട് വഴക്കിടാൻ മാത്രം താല്പര്യം കാണിച്ചു പോന്നു.


പ്രണയം ജീവിതത്തിൽ പലവട്ടം കടന്നു വന്നു പോയിട്ടുണ്ടെങ്കിലും വർധൻ സീരിയസ് ആയി ഒരു ബന്ധത്തിലും ചെന്നു ചാടിയിരുന്നില്ല, ഇരുപതിയൊന്പത് വയസ്സ് അല്ലേ ആയുള്ളൂ അത്ര കിളവൻ ആയോ ഞാൻ എന്നാണ് വർധന്റെ എതിർവാദം. തങ്ങൾ ഇരുവരും, പരസ്പരം വഴക്കിടുന്നത് എന്തിനെന്നു പോലും വർധനും റബേക്കയ്ക്കും അറിയില്ലായിലായിരുന്നു. വഴക്ക് മൂർച്ഛിക്കുമ്പോൾ അവനെ എരികേറ്റാനായി അവൾ തന്റെ ഹിയറിങ് എയ്ഡ് ഓഫ്‌ ചെയ്തു വയ്ക്കും. റബേക്കയോട് ഒരു ദിവസം വഴക്കിട്ടില്ല എങ്കിൽ വർധനു ഉറങ്ങാൻ കഴിയില്ല എന്നൊരു അവസ്ഥയിലായി കാര്യങ്ങൾ ഇപ്പോൾ, പക്ഷേ സ്വന്തം മനസാക്ഷിയോട് പോലും അവൾ തന്റെ ബലഹീനതയായി മാറിക്കഴിഞ്ഞു എന്ന സത്യം വർധൻ സമ്മതിച്ചു കൊടുക്കില്ല, വാദിച്ചു കൊണ്ടേയിരിക്കും, വാദിച്ചു ജയിക്കാൻ കാരണങ്ങൾ തേടികൊണ്ടേയിരിക്കും.


റബേക്കയെ വർധന്റെ കോപത്തിൽ നിന്ന് എന്നും സംരക്ഷിച്ചിരുന്നത് വസുദേവ മാരാരും ഡോക്ടർ അലോഷിയും ആയിരുന്നു. അലോഷി വർധന്റെ അടുത്ത സുഹൃത്തും സ്കൂളിൽ റബേക്കയുടെ സീനിയറുമായിരുന്നു. വർധന്റെ സ്കൂളിലെ വിദ്യാർത്ഥികൾക്കായി അലോഷി സ്കൂളിനോട് ചേർന്നു ഒരു ENT Clinic and Endoscopy Centre നടത്തിയിരുന്നു, അലോഷി ഇല്ലാത്തപ്പോൾ റബേക്കയ്ക്ക് ആയിരുന്നു അതിന്റെ ചുമതല. വർധനു അതിൽ ആദ്യം എതിർപ്പ് ഉണ്ടായിരുന്നു, എന്നാൽ അലോഷിയെ പിണക്കാൻ കഴിയാത്തതിനാൽ അയാൾ മൗനം പാലിച്ചു പോന്നു. റബേക്കയും വർധനും ഇടയ്ക്കിടെ കൊമ്പ് കോർക്കാറുണ്ടായിരുന്നുവെങ്കിലും ഇന്നത്തെ ദിവസം പ്രശ്നം വളെരെ രൂക്ഷമായിരുന്നു. 


കാലത്ത് സയൻസ് ലാബിൽ റബേക്ക എന്തൊക്കെയോ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും, സുധാദേവിയുടെ സഹോദരിയുടെ മകനും ആ സ്കൂളിലെതന്നെ അധ്യാപകനുമായിരുന്ന ആദർശിനെ തല്ലുകയും ചെയ്തു, അതറിഞ്ഞു ചെന്ന വർധൻ കോപത്തിൽ അവൾക്കിട്ടൊന്നു പൊട്ടിക്കുകയും അവളുടെ ഹിയറിങ് എയ്ഡ് തല്ലിപ്പൊട്ടിക്കുകയുംചെയ്തു.


എന്തെങ്കിലും ചോദിച്ചാൽ മിണ്ടാതെ നിൽക്കുന്നത് അവളുടെ അഭിനയമാണ് എന്നാണ് സ്കൂളിലെ മറ്റു പല അധ്യാപകരും ജീവനക്കാരും വർധന്റെ ചെവിയിൽ എത്തിച്ചിരുന്നത്, റബേക്കയുടെ ആ മൗനം പലപ്പോഴും വർധനെയും ചൊടിപ്പിച്ചിരുന്നു എന്നത് സത്യമാണ് . ഇന്ന് പറഞ്ഞതും ചെയ്തതും അൽപം കൂടിപ്പോയെന്ന് വർധനും തോന്നിയിരുന്നു അവളുടെ മിഴികൾ തന്നോട് പരിഭവം പറഞ്ഞപ്പോൾ. 


"വർധൻ ..."


അലോഷിയുടെ ശബ്ദം അയാളെ ഉണർത്തി, മുന്നിൽ അവൾ ഇല്ലായിരുന്നു. മെല്ലെ അടയുന്ന വാതിലൽ പാളിയുടെ അരികിലൂടെ അവളുടെ സാരിതലപ്പ് ഉലഞ്ഞു പറക്കുന്ന കാഴ്ച അവന്റെ മിഴികളിൽ തങ്ങി നിന്നു, വർധൻ നിശബ്ദനായി നിന്ന് ആലോചിക്കുകയായിരുന്നു... ആരാണിവൾ..., കഴിഞ്ഞ ഒരു വർഷമായി തനിക്ക് തലവേദന തരാനായി മാത്രം ഈ സ്കൂളിന്റെ പടി ചവിട്ടിയ ഒരു കുരിശ്... ആണോ? അല്ല... ഈ വർധനെ നിശബ്ദമായി പ്രണയത്തിന്റെ ഈരടികൾ പാടാൻ പഠിപ്പിച്ച മറ്റൊരാൾക്ക്‌ ഏറെ പ്രിയപ്പെട്ട രാഗമായിരുന്നു ഇവൾ...


"വർധൻ "... 


 അലോഷിയുടെ സ്വരം കേട്ടതും അയാൾ മുഖം തിരിച്ചു.  


"നീ ഇപ്പോൾ ഈ പറഞ്ഞതും ചെയ്തതുമെല്ലാം ദ്രോഹമാണ്. സംസാരിക്കാൻ അതിന് കഴിയും, പക്ഷേ നമ്മൾ പറയുന്നത് എന്തെന്ന് തിരിച്ചറിഞ്ഞു പ്രതികരിക്കാൻ ആ പാവത്തിന് ഇപ്പോൾ സാധ്യമല്ല. അതറിഞ്ഞുകൊണ്ടല്ലേ നീ ഈ പരാക്രമം എല്ലാം ആ കൊച്ചിനോട് കാട്ടിയത്? ലാബിൽ എന്തായിരിക്കും നടന്നതെന്ന് cctv നോക്കിയാൽ മനസിലാക്കാൻ കഴിയുന്നതേയുള്ളൂ, ഒന്നും ആലോചിക്കാതെയാണ് നീ ആ ഹിയറിങ് എയ്ഡ് തല്ലിപൊട്ടിച്ചത്, രൂപാ മൂന്നു ലക്ഷമാണ് അതിന്റെ വില. ആരോ എന്നോ അതിന് ശബ്ദത്തിന്റെ ലോകത്തേക്ക് കടന്നു വരാനായി ദാനം കൊടുത്ത ഏക വഴിയാണ് നിന്റെ ഒരു നിമിഷത്തെ ഈ ദേഷ്യം കാരണം ഇല്ലാതായത്."


അലോഷിയുടെ സ്വരത്തിൽ പരിഭവം നിറഞ്ഞിരുന്നു. വർധന്റെ മനസിലൂടെ റബേക്കയുടെ മുഖം മിന്നിമാഞ്ഞു കടന്നു പോയി. ആവേശത്തോടെ അലോഷിയെ തള്ളിനീക്കി കൊണ്ട് അയാൾ തന്റെ ടേബിളിന് അരികിലേക്ക് വെമ്പലോടെ പാഞ്ഞു ചെന്നു ലാപ്ടോപ്പിൽ cctv വിഷ്വൽസ് ചെക്ക് ചെയ്യാൻ ആരംഭിച്ചു. എന്നാൽ പലയിടത്തും ലാബിലെ വിഷ്വൽസ് റെക്കോർഡ് കാണിക്കാതെ എറർ കാണിച്ചതും അയാൾക്കുള്ളിലെ വക്കീൽ ഉണർന്നു. ലാബിനുള്ളിൽ ആരുമറിയാതെ താൻ ഫിക്സ് ചെയ്തിരുന്ന മറ്റൊരു ക്യാമറയുടെ ഫോൾഡർ ഓപ്പൺ ചെയ്തു വർധൻ താഴേക്ക് സ്ക്രോൾ ചെയ്തു നോക്കി. അലോഷി അയാൾക്ക് അരികിൽ വന്നു നിന്നു. സ്ക്രീനിൽ തെളിഞ്ഞ ദൃശ്യങ്ങൾ കണ്ടതും വർധൻ ആകെ തകർന്നു പോയി, അയാൾ അമർഷത്തോടെ കൈ ചുരുട്ടി ടേബിളിൽ ആഞ്ഞടിച്ചു. അലോഷിക്ക് കഠിനമായ കോപം വന്നു.  


" നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞു അവൻ എന്തെങ്കിലും അവളോട് മോശമായി പെരുമാറിക്കാണുമെന്നു, നീ എന്നെ വിശ്വസിച്ചില്ല. എനിക്ക് ചെറുപ്പം മുതലേ അറിയാവുന്ന കൊച്ചാണ്, സ്വന്തം മിന്നുകെട്ടിന്റെ അന്ന് പള്ളിമേടയിൽ വച്ചു പൊട്ടിയെ കെട്ടിയാൽ എന്റെ പിള്ളേരും പൊട്ടപ്പിള്ളേര് ആകും എന്ന് പറഞ്ഞവന്റെ കരണത്ത് ഒന്നു പൊട്ടിച്ചിട്ട് അവന്റെ മുഖത്തേക്ക് മിന്നും വലിച്ചെറിഞ്ഞു ഇറങ്ങി പോന്നവളാണ്. നിനക്ക് എന്നേ അവളുടെ ക...." 


അലോഷി പറയുന്നത് മുഴുവൻ കേൾക്കാൻ നിൽക്കാതെ വർധൻ തിടുക്കത്തിൽ മുന്നോട്ട് കുതിച്ചു, ക്യാബിന്റെ വാതിൽ വലിച്ചു തുറന്നു അയാൾ പുറത്തേക്ക് ഓടി. അലോഷി ഒരു നിമിഷം അമ്പരന്നു നിന്നു. വർധൻ കോറിഡോറിലൂടെ വേഗത്തിൽ ഓടി സ്റ്റാഫ്‌ റൂമിലേക്ക് ചെന്നു. റബേക്ക അവിടെയെങ്ങും ഇല്ലായിരുന്നു, അയാൾക്ക് ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി. ഇടതു കൈ എളിയിൽ കുത്തി വർധൻ ഒരു നിമിഷം ആലോചിച്ചു, പിന്നെ സ്കൂൾ ഗേറ്റിനെ ലക്ഷ്യം വച്ചു വേഗത്തിൽ നടന്നു. ഗേറ്റിൽ ഇരുന്ന സെക്യൂരിറ്റിയോട് അയാൾ റബേക്കയെ പറ്റി അന്വേഷിച്ചു, അവൾ ഇപ്പോൾ പുറത്തേക്ക് പോയി എന്നയാൾ അവനോട് പറഞ്ഞു. വർധൻ ഗേറ്റ് തുറന്നു റോഡിലേക്ക് ഇറങ്ങി ഇരു സൈഡും നോക്കി, വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നു. ചെവി കേൾക്കാൻ വയ്യാത്ത ഈ പെണ്ണ് ഇതെവിടെ പോയി എന്നാലോചിച്ചു അയാൾ ഞെരിപിരി കൊള്ളവേ റോഡിന്റെ എതിർ സൈഡിൽ കൂടി നടന്നു പോകുന്ന റബേക്ക വർധന്റെ കണ്ണിൽ പെട്ടു.  


"ബീ ... ബീ ... "


വർധൻ ഉറക്കെ കൈകൊട്ടി വിളിച്ചു, അവൾക്ക് കേൾക്കാൻ കഴിയില്ല എന്നോർമ്മ വന്നതും അയാൾ റോഡ് ക്രോസ്സ് ചെയ്തു അവൾക്കരികിലേക്ക് പോകാൻ ഒരുങ്ങി. റോഡ് ക്രോസ്സ് ചെയ്തു മുന്നോട്ട് നടക്കുന്ന സമയം അലസമായി റോഡിൽ കൂടി നടന്നു പൊയ്ക്കൊണ്ടിരുന്ന അവളുടെ പിന്നിലായി ഒരു കാർ അതിവേഗത്തിൽ പാഞ്ഞു വരുന്നത് വർധൻ കണ്ടു. അവളുടെ പേര് ഉറക്കെ വിളിച്ചു കൊണ്ട് അയാൾ മുന്നോട്ടു ഓടി, കാർ അവൾക്ക് അരികിൽ എത്തിയതും വർധൻ അവളുടെ ഒപ്പം എത്തി റബേക്കയുടെ ഇടുപ്പിലൂടെ കൈചുറ്റി അവളെ തന്റെ മേലേക്ക് വലിച്ചു ചേർത്തു നിർത്തി, കാർ അവർ ഇരുവർക്കും പിന്നിൽ സഡൻബ്രേക്കിട്ടു നിന്നു. 


തുടരും...


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Romance