Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Sabitha Riyas

Romance Crime Thriller


2.8  

Sabitha Riyas

Romance Crime Thriller


ഇന്നേക്ക് ഏഴാം നാൾ 1

ഇന്നേക്ക് ഏഴാം നാൾ 1

7 mins 367 7 mins 367

"ഒരിക്കലും കൂട്ടിമുട്ടാത്ത ഹൃദയങ്ങളിലാണ് പ്രണയത്തിന്റെ സാഗരം അലയടിക്കുന്നത്. ഏറ്റവും വലിയ തിര പോലെ ഏതുനേരവും ഹൃദയത്തിന്റെ ഭിത്തികളിൽ വന്നു ആർത്തലച്ചു ആ ജലവർഷം ഹൃദയത്തെ കീറി മുറിവേൽപ്പിക്കുന്നു. ഹൃദയം മുറിഞ്ഞൊഴുകുന്ന നിറമില്ലാത്ത ചോരയുടെ പാടുകളിൽ നിന്ന് ഓരോ പ്രണയവും പൂക്കുകയും തളിർക്കുകയും ചെയ്യുന്നു . വേദനയാൽ പിടയുമ്പോഴും പരസ്പരം കാണാനും ഒന്നാകാനുമുള്ള മോഹം അത്രമേൽ ആഴത്തിൽ വിരഹത്താൽ പിടയുന്ന ഹൃദയങ്ങൾക്ക് ആ തിരകൾ പ്രദാനം ചെയ്യും. "


കുടകിന്റെ (കൂർഗിന്റെ ) സൗന്ദര്യം പതിയെ പ്രകൃതിയോട് അലിഞ്ഞു ചേർന്നു ആസ്വദിച്ചു ശാന്തമായി നടന്നു കാണാനുള്ള ഒരു കാഴ്ച തന്നെയാണ്. പഴുത്ത ഓറഞ്ചിന്റെ മധുരമാണ് ഈ കുടകിന്. പ്രകൃതിയുടെ വരദാനമായ കാടുകളും വെള്ളച്ചാട്ടങ്ങളും മലനിരകളും കൂടിച്ചേർന്നു ഒരുക്കുന്ന ഈ പ്രകൃതിരമണീയമായ കാലാവസ്ഥ ആരെയും മോഹിപ്പിക്കും. ഒരിക്കൽ ക്രിസ്റ്റി ഈ നിബിഢവനങ്ങളിലെ അപൂർവ്വങ്ങളായ കാഴ്ചകളെ പറ്റി പറഞ്ഞപ്പോൾ ഇത്രയ്ക്ക് അതിമനോഹരമാണ് ഈ ദേശമെന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഓറഞ്ചിന്റെ പുളിയും മധുരവും നുകർന്നു കാപ്പിപൂക്കളുടെ സുഗന്ധവും മുകർന്നു ഗോവർദ്ധൻ നടത്തം തുടർന്നു, കാടുകളും വെള്ളച്ചാട്ടങ്ങളും ആരെയും വശീകരിക്കുന്ന കോടമഞ്ഞും തന്റെ ഹൃദയത്തിലേക്ക് ആവാഹിക്കുവാനായി മണിക്കൂറുകളായി നടത്തി വന്ന ശ്രമം അയാൾ ഉപേക്ഷിച്ചു. മനസ്സ് ഒന്നിലും ഉറച്ചു നിൽക്കുന്നില്ല. എന്റെ പിന്നാലെ ഒരു സ്വപ്നത്തിലെന്നപോലെ അന്തരീക്ഷത്തിൽ ഒഴുകിനീങ്ങുന്ന മഞ്ഞു പുതപ്പിനുള്ളിൽ സ്വയം ഒളിച്ചൊരു പനിനീർപൂവായി തണുത്ത കാറ്റിന്റെ ചുഴിയിൽപെട്ടു ഉലഞ്ഞു നടക്കുന്ന ' ബീ' എന്ന ബിന്ദുവിൽ എന്നെത്തന്നെ കേന്ദ്രീകരിച്ചു നിർത്താൻ പലവട്ടം ആവർത്തിച്ചു ശ്രമിച്ചു ഞാൻ പരാജയപ്പെട്ടിട്ടു വർഷങ്ങളായി.


'ഇന്ത്യയുടെ സ്കോട്ലൻഡിനെ കാണാൻ ആരെങ്കിലും പോരുന്നോ? 'എന്നു ചോദിച്ചപ്പോൾ 'നിന്റെ വട്ടുകൾക്ക് കുടചൂടാൻ എന്റെ തലയ്ക്ക് പിരിയൊന്നും ഇളകി കിടപ്പില്ലയെന്ന് പരിഹസിച്ചു സുഹൃത്തുക്കൾ പലരും കളമൊഴിഞ്ഞു. ആരുടേയും കൂട്ട് കടം ചോദിക്കാൻ നിൽക്കാതെ പതിവ് പോലെ ഗസലിനോട് യാത്ര പറഞ്ഞു മടുപ്പോടെ വക്കീൽ ഓഫീസിലേക്ക് കാറിന്റെ നിയന്ത്രണം തിരിച്ചു വിട്ട ഞാൻ ഒടുവിൽ ചെന്നു നിന്നത് അവളുടെ, എന്റെ ബീ യുടെ മുൻപിലായിരുന്നു. തമ്മിൽ വേർപിരിഞ്ഞിട്ട് നാല്‌ വർഷം പിന്നിട്ടിരുന്നു. എന്നാലും ഇന്നും ഞാൻ ഒറ്റയ്ക്കാണ് എന്നൊരു ചിന്ത മനസ്സിൽ ഉറഞ്ഞു തുടങ്ങുമ്പോൾ അഡ്വക്കേറ്റ് ഗോവർധൻ മാരാർ 'ബീ' എന്ന ഓമനപ്പേരിട്ട് ക്രിസ്റ്റഫർ വാത്സല്യത്തോടെ വിളിച്ചിരുന്ന തന്റെ ആത്മമിത്രത്തെ തേടിയിറങ്ങും. ഗോവർധന്റെ ഭാര്യ എന്ന പദവിയുടെ അർത്ഥവും ആഴവും തിരിച്ചറിയാൻ ഈ ജന്മം എനിക്ക് സാധിക്കില്ല, എന്നും നല്ലൊരു സുഹൃത്തായി ഞാൻ ഒപ്പം കാണുമെന്നു മടിയേതുമില്ലാതെ ചടുലതയോടെ പറഞ്ഞു തീർത്തു ഗസലിന്റെ പടിയിറങ്ങിപോയ ഭാര്യ റബേക്കയെ ഓർത്തെടുക്കാൻ വിരളമായേ അയാൾ ശ്രമിക്കാറുള്ളു. പക്ഷേ 'ബീ 'എന്ന ഈ സ്നേഹിതയുടെ ചിരിക്കുന്ന മുഖം ഓരോ നിമിഷവും തലച്ചോറിനുള്ളിൽ മിഴിവോടെ തെളിയിച്ചു നിർത്താൻ ഗോവർദ്ധൻ അതിയായി ആഗ്രഹിച്ചിരുന്നു... പരിശ്രമിച്ചിരുന്നു... കാപ്പിപ്പൂക്കൾ ചൂടി അണിഞ്ഞൊരുങ്ങി സുന്ദരിയായി നിന്നിരുന്ന ആ മനോഹാരിതയെ ആകമാനം മൂടി പൊതിഞ്ഞിരുന്ന മൂടൽമഞ്ഞിന്റെ കട്ടി പൊടുന്നനെ കുറയാൻ തുടങ്ങി. അങ്ങകലെ പർവ്വതചെരുവുകളിൽ എങ്ങോ മുഖം മറച്ചു, സുന്ദരിയായ കുടകിനോട് പരിഭവത്തോടെ പിണങ്ങിയിരുന്ന കനത്ത കാർമേഘങ്ങൾ മഴ പെയ്യുമെന്നുള്ളൊരു മുന്നറിയിപ്പ് ആ പ്രകൃതിക്ക് നൽകിയ ശേഷം, തങ്ങളുടെ സാന്നിധ്യം ചെറുതും വലുതുമായ വൃക്ഷങ്ങൾക്ക് ഇടയിലൂടെ പരസ്പ്പരം ഒന്നും മിണ്ടാതെ ഏതോ സ്വപ്നലോകത്തിൽ എന്നവണ്ണം ആ പ്രകൃതിഭംഗിയിൽ മുഴുകിനടന്നിരുന്ന എന്നെയും 'ബീ' എന്ന എന്റെ സ്നേഹിതയെയും നിശബ്ദമായി പിന്തുടർന്നു. കേട്ടറിവ് മാത്രമുള്ള കുടകിന്റെ വശ്യമാർന്ന സൗന്ദര്യം ഇന്നെന്റെ കനവുകളെ തന്റെ നനുത്ത വിരലുകൾ കൊണ്ടു തൊട്ടുണർത്തുമ്പോൾ ക്രിസ്റ്റി നിന്റെ അദൃശ്യമായ സാമീപ്യം പറഞ്ഞു പ്രതിഫലിപ്പിക്കാൻ കഴിയാത്ത വാക്കുകളാൽ എനിക്ക് ചുറ്റും വലംവയ്ക്കുന്നു. എന്റെ അഭിമാനവും പൗരുഷവും മുറിപ്പെടുന്നു. തണുത്തുറഞ്ഞൊരു ജലകണം എന്റെ നെറുകയേ തഴുകി പുണർന്നു ചുംബിച്ചലിഞ്ഞു പോയപ്പോൾ കഴിഞ്ഞുപോയ ചില കാളരാത്രികളുടെ കാത്തിരിപ്പിന് ഈ നിമിഷം വിരാമമായിയെന്നു ഞാനറിയുന്നു. ആ രാവുകളുടെ കറുത്ത മുഖങ്ങൾ എന്നെ ഇന്നും വിടാതെ പിന്തുടർന്ന് വേട്ടയാടുന്നു.


'നമ്മുക്ക് തിരിച്ചു പോയാലോ? '


ബീയുടെ ശബ്ദം പിന്നിലായി ഉയർന്നു കേട്ടതും ഞാൻ ഓർമ്മകളിൽ നിന്ന് വിമോചിതനായി. 


'ഓയ്... നമ്മുക്ക് തിരിച്ചു പോയാലോ എന്ന്? കാലു വേദനിക്കുന്നു എനിക്ക്!! ' ഇടതു വശത്തായി വന്നു നിന്ന് എന്റെ തോളിൽ മൃദുവായി തല്ലിക്കൊണ്ടവൾ ചോദ്യം ആവർത്തിച്ചു. ഞാൻ ശബ്ദമില്ലാതെ ചിരിച്ചു. അവൾക്ക് നേരെ മുഖം തിരിച്ചു സാന്ദ്രമായി പറഞ്ഞു 


'നിനക്ക് ഇപ്പോഴും യാതൊരു മാറ്റവുമില്ലല്ലോ ബീ? '


'എന്താ പറഞ്ഞത് ക്ലിയർ ആയി കേട്ടില്ല ഞാൻ ? '


അവളുടെ നീണ്ടു വിടർന്ന മിഴികൾ എന്റെ അധരങ്ങളിലേക്ക് തറപ്പിച്ചു പായിച്ചു ബീ നെറ്റി ചുളിച്ചു. 


'ഒരിക്കൽ കൂടി പറയൂ....? '


എന്റെ മറുപടി ലഭിക്കാത്തതിനാലാണ് അവൾ ആ ചോദ്യം ആവർത്തിക്കുന്നതെന്ന് മനസ്സിലായതും ഞാൻ അവളുടെ ഓമനത്തം തുളുമ്പുന്ന മുഖത്ത് എന്റെ വലതു കയ്യുയർത്തി മൃദുവായി തലോടി. അഞ്ചു വിരലുകളും അവളുടെ ഇടതൂർന്ന കറുത്ത നീണ്ട മുടിയിഴകൾക്ക് ഇടയിലൂടെ കോർത്തെടുത്ത് ബീ യുടെ നീണ്ട മുടിയിഴകൾക്ക് ഇടയിൽ കുരുങ്ങി കിടന്നിരുന്ന ഹിയറിങ് എയ്ഡിന്റെ ബഡ്‌ എന്റെ വിരലുകൾക്കിടയിൽ ചേർത്തുരസിക്കൊണ്ട് ഞാൻ പറഞ്ഞു. 


'ഞാൻ പറയുന്നത് എന്തെന്ന് മനസിലാക്കാൻ ഇന്നും നിനക്ക് ഈ ഹിയറിങ് എയ്ഡിന്റെ സഹായം വേണോ ബീ? '


അവളുടെ ശാന്തമായ മുഖത്ത് അമ്പരപ്പ് പടർന്നു പിടിക്കുന്നത് ഞാൻ കുസൃതിയോടെ കണ്ടുനിന്നു . എന്റെ ചോദ്യം ബീയെ ആശയക്കുഴപ്പത്തിലാഴ്ത്തിലാക്കിയതായി തോന്നിയതും അവൾക്കായി ഞാനൊരു പുഞ്ചിരി പകർന്നു നൽകി. പെട്ടെന്ന് അവളുടെ കൈകൾ എന്നെ വലയം ചെയ്തു. കുടകിന്റെ അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്ന തണുപ്പ് ചെറുചൂട് തങ്ങി നിന്നിരുന്ന എന്റെ കവിൾത്തടത്തിലേക്ക് അവൾ പകർന്നു തന്നു. എന്റെ തുടിക്കുന്ന ഹൃദയത്തിലേക്ക് മുഖം ചേർത്തുവച്ചു അവൾ നിശബ്ദയായി നിന്നു... ഞാനും.... ഹൃദയത്തിലെ വലിയ ഞരമ്പ് ഒരെണ്ണം തുടിച്ചുയർന്നത് ഗോവർധൻ തിരിച്ചറിഞ്ഞു. സമയം കടന്നുപോയി. 


മെല്ലെ മെല്ലെ മുഖം ഉയർത്തി എന്നെ നോക്കി അതിമനോഹരമായി അവൾ ചിരിച്ചു. ബീയുടെ നിറഞ്ഞ മിഴികളും നനഞ്ഞ കവിൾത്തടങ്ങളും എന്നിൽ വികാരങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചു. ഒഴിഞ്ഞ ഒരു ക്യാൻവാസിൽ ഉൾക്കാഴ്ച്ചയുള്ളൊരു ചിത്രകാരൻ ചായം പകർന്നു നൽകിയൊരു അതിമനോഹരമായ ഛായാചിത്രമായി മാറിയ ആ പെണ്ണിനോട് ഞാൻ ആ നിമിഷം ഒരിക്കൽക്കൂടി വീണ്ടും അഗാധപ്രണയത്തിലായി. ആദ്യമായും അവസാനമായും ഈ പ്രകൃതിയെ സാക്ഷിയാക്കി എന്റെ തണുത്ത കൈത്തലങ്ങളാൽ അവളുടെ ആ സുന്ദരമായ നിഷ്കളങ്കത തുളുമ്പി നിൽക്കുന്ന മുഖം കോരിയെടുത്തു മൂർദ്ധാവിൽ ചുണ്ടുകൾ അമർത്തി ചുംബിക്കാൻ ഗോവർധന്റെ ഉള്ളം തുടികൊട്ടി. 


പക്ഷേ ഈ യാത്രയിൽ എനിക്കും അവൾക്കുമൊപ്പം സഹയാത്രികരായി ഒരുപാട് പേർ പിന്നിലായി പതിയെ നടന്നു വരുന്നുണ്ട് എന്ന ചിന്ത ഉണർന്നതും ഞാൻ ആ ഉദ്യമം ഉപേക്ഷിച്ചു. ബുധനാഴ്ച വൈകിട്ട് പുറപ്പെട്ട് ഞായറാഴ്ച ഉച്ചയോടെ തിരിച്ചെത്തുന്ന രീതിയിൽ പ്ലാൻചെയ്തൊരു ടൂർ പാക്കേജാണ് കുടക്-മൈസൂർ യാത്രക്കായി ഗോവർധൻ തിരഞ്ഞെടുത്തിരുന്നത്. വെള്ളച്ചാട്ടവും ആനത്താവളവും കോട്ടയും മൈസൂർ കൊട്ടാരവുമൊക്കെ കാണാൻ എനിക്കൊരു കൂട്ടു വേണമെന്നുണ്ട് എന്നേ ബീയോട് ഫോണിൽ പറഞ്ഞുള്ളൂ. നിന്നോട് മാത്രം പറയാനായി ഒരായിരം രഹസ്യങ്ങൾ എന്റെ നെഞ്ചിൽ കൂടു കൂട്ടിയിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി പെണ്ണേ, ഈ യാത്രയിൽ ഒരിക്കൽ കൂടി നീ എനിക്ക് സഹയാത്രിയകയായി, കൂട്ടുകാരിയായി മാറണമെന്നു അവളോട് പറയാൻ അന്നേരം എന്റെ നാവ് മടിച്ചു . ബീ ഈ യാത്രയിൽ എനിക്ക് കൂട്ടായി വരുമെന്ന് കരുതിയിരുന്നില്ല. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വക്കീൽ ഓഫീസിന്റെ മുന്നിലെ പാർക്കിങ്ങിന് സമീപത്തായി തണൽ വിരിച്ചു നിന്നിരുന്ന അശോകമരത്തണലിൽ കയ്യിലൊരു ചെറിയ കറുത്ത പേഴ്സുമായി എന്നെ പ്രതീക്ഷിച്ചു നിന്ന ബീയുടെ രൂപം എന്റെ മിഴികൾക്ക് ഉത്സവമായി മാറിയ നേരം ക്രിസ്റ്റി എനിക്ക് നിന്നോട് അസൂയ തോന്നിപ്പോയി...


ഈ കുടക് യാത്രയിൽ എനിക്ക് പ്രിയപ്പെട്ടതായി തോന്നിയ സ്ഥലം ദുബാരെയാണ്. പേരുകേട്ട ആനവളർത്തൽ കേന്ദ്രം. ആനകളെ ചട്ടം പഠിപ്പിക്കുന്ന ദുബാരെ. കൂർഗിനടുത്തായി കാവേരി നദിയുടെ തീരത്തുള്ള വനമാണു ദുബാരെ. ആനകളുടെ നീരാട്ടും ആനപ്പുറത്തുള്ള സവാരിയും ബോട്ട് റാഫ്റ്റിങ്ങുമാണ് ദൂബാരെയിലെ നേരം പോക്കുകൾ. ആനകളെ കണ്ടും കാവേരി നദിയിൽ നീന്തിക്കുളിച്ചും ഞാൻ സമയം ചിലവിട്ടപ്പോൾ എല്ലാം ബീ മൗനമായി ആ പ്രകൃതിയോട് എന്തോ പരിഭവം പറയുകയാണ് എന്നെനിക്ക് തോന്നി. 


വൈകുന്നേരം ഹോംസ്റ്റേയിലെത്തിയ ശേഷം അവളോട് സംസാരിക്കണമെന്നു മനസിലുറപ്പിച്ചെങ്കിലും തിരിച്ചെത്തിയ പാടേ ഒന്നും മിണ്ടാതെ അവൾ റൂമിലേക്ക് ചെന്നു ബെഡിലേക്ക് കയറിക്കിടന്നു ഉറങ്ങാൻ തുടങ്ങി. വിളിച്ചുണർത്തി കാര്യം ചോദിക്കാൻ മനസ്സ് അനുവദിച്ചില്ല. ബീ ശാന്തയായി ഉറങ്ങുന്നത് കണ്ടിട്ട് വർഷങ്ങളായി. ബെഡ് സ്പ്രെഡ് നിവർത്തി അവളെ പുതപ്പിച്ച ശേഷം അരികിലായി ഞാനും ചേർന്നു കിടന്നുറങ്ങി. ഉറക്കത്തിൽ എപ്പോഴോ അവളുടെ കൈകൾ എന്നെ തേടിയെത്തിയിരുന്നു... വിനാഴികകൾ പിന്നിട്ടപ്പോൾ ഞാനും അവളും നമ്മളായി മാറിയിരുന്നു... 


പിറ്റേന്ന് അതിരാവിലെ എന്നെ വിളിച്ചുണർത്തിയത് ബീയാണ്. ഹോംസ്റ്റേയിൽ നിന്ന് പത്തു കിലോമീറ്റർ അകലെയായി ചെറിയൊരു സ്വകാര്യ വനമുണ്ട് പോലും. ഓറഞ്ച് തോട്ടങ്ങൾ തിങ്ങി നിറഞ്ഞൊരു വനം. പോയെ പറ്റൂ എന്നുള്ള അവളുടെ പിടിവാശിക്ക് മുൻപിൽ എന്നത്തേയും പോലെ ഞാൻ സമ്മതം മൂളി. രാവിലെ റെസ്റ്റോറന്റിൽ പോയി ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ച ശേഷമാണ് കാപ്പിപ്പൂക്കളും ഓറഞ്ചും നിറഞ്ഞു നിൽക്കുന്ന ഈ ചെറിയ വനത്തിലേക്ക് ട്രെക്കിങ്ങിനായി ഞങ്ങൾ പുറപ്പെട്ടത്. എന്റെ ഒപ്പം ബീ ഈ നിമിഷം ഒരുപാട് സന്തോഷവതിയാണ് എന്ന് എനിക്ക് തോന്നി. നിർത്താതെ പഴയപോലെ അവൾ ഒരുപാട് കാര്യങ്ങൾ എന്നോട് പറഞ്ഞു. 


'ഞാൻ ബധിരയാണ് എന്ന സത്യം വർധൻ പലപ്പോഴും മറന്നു പോകുന്നു അല്ലേ? '


പരിസരം മറന്നു അവളെ നോക്കിയുള്ള എന്റെ നിൽപ്പ് കണ്ടായിരുന്നു ബീയുടെ ആ ചോദ്യം. സമയം പോയതറിഞ്ഞില്ല. അറിയില്ല... കൂടെയുള്ളത് ജീവനുള്ളൊരു ഘടികാരമാണ്. ഗോവർധൻ ഊറിച്ചിരിച്ചു കൊണ്ടു നോട്ടം എതിർദിശയിലേക്ക് മാറ്റി. 


ട്രെക്കിങ്ങിനായി തങ്ങൾക്ക് ഒപ്പം വന്ന ഗ്രൂപ്പിലുള്ള ചില പുരുഷന്മാർ വഴിയരികിൽ പാറയോട് പറ്റിച്ചേർന്നു ഇന്ദ്രനീലനിറത്തിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നൊരു മരത്തിന്റെ അരികിലേക്ക് കൂട്ടമായി ചാരി നിന്ന് പുകവലിക്കുന്നു. മൂടൽമഞ്ഞിന്റെ മറ്റൊരാവണം ചുരുളുകളായി അന്തരീക്ഷത്തിലേക്ക് അവർ ഊതി വിടുന്നത് കണ്ടപ്പോൾ എനിക്ക് ഒരു സിഗററ്റിന് തീ കൊളുത്താൻ മോഹം തോന്നി. എന്റെ നോട്ടം വീണ്ടും അവളിലേക്ക് മടങ്ങിയെത്തിയതറിഞ്ഞ ബീ മൂർച്ചയേറിയൊരു നോട്ടം എനിക്ക് പ്രദാനം ചെയ്തു. ഞാൻ ചിരിച്ചു. 


'ഒരേയൊരെണ്ണം... പ്ലീസ്... '


അവൾ തലയാട്ടി. വിരലുകൾക്ക് ഇടയിൽ സൂക്ഷിച്ചു വച്ചിരുന്ന ബീയുടെ ഹിയറിങ് എയ്ഡിന്റെ ബഡ് ഞാൻ അവളുടെ ഇടതു ചെവിക്കുള്ളിലേക്ക് തിരുകി വച്ചു. സ്നേഹത്തോടെ അവളുടെ ചുവന്ന കവിൾത്തടത്തിൽ എന്റെ പെരുവിരൽ നീട്ടി കോറി വരച്ച ശേഷം പാന്റിന്റെ പോക്കറ്റിൽ നിന്ന് സിഗരറ്റ് പായ്ക്കറ്റും ലൈറ്ററും എടുത്തു കൊണ്ട് കുറച്ചകലെ പുകയൂതി ആ പ്രകൃതിയുടെ മേൽ മൂടൽമഞ്ഞു തീർക്കുന്ന ഒരു കൂട്ടം പുരുഷന്മാരുടെ അരികിലേക്ക് നടന്നു. അവൾ ആ പോക്ക് നോക്കി അൽപ്പനേരം നിർന്നിമേഷയായി നിന്നു. പിന്നീട് പതിയെ തനിക്കു മുൻപിലായി നടന്നു പൊയ്‌ക്കൊണ്ടിരുന്ന തീർത്ഥാടക സംഘത്തെ നോക്കി. അവർ നടന്നു മറഞ്ഞതും അവൾ ചുറ്റിനുമൊന്നു കണ്ണോടിച്ചു. വൻവൃക്ഷങ്ങൾക്ക് മേലേക്ക് പടർന്നു തൂങ്ങി നിൽക്കുന്ന വള്ളികളും, കുറ്റിച്ചെടികളും, പഴുത്ത ഓറഞ്ചുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന മരങ്ങളും കാപ്പിപ്പൂവിന്റെ സുഗന്ധവും ഒത്തു ചേർന്ന മാസ്മരികമായൊരു പൂങ്കാവനത്തിൽ എത്തിപെട്ടപോലെ അവൾ ചുറ്റിനും കണ്ണോടിച്ചു. അവളുടെ പാദങ്ങൾ അറിയാതെ മുന്നോട്ട് ചലിച്ചു.


ഗോവർധൻ സിഗരറ്റ് പായ്ക്കറ്റ് തുറന്നു അവശേഷിച്ച ഒരെണ്ണം എടുത്ത് ചുണ്ടിലേക്ക് വച്ചു. പിന്നീട് ഒഴിഞ്ഞ പായ്ക്കറ്റ് ചുരുട്ടി കാട്ടിലേക്ക് വലിച്ചെറിഞ്ഞു. സിഗരറ്റ് കൊളുത്തി പുക ഉള്ളിലേക്കെടുത്തു പുറത്തേക്ക് ഊതി വിട്ടു ആശ്വാസത്തോടെ ഗോവർധൻ അരികിൽ പുകയൂതിക്കൊണ്ട് നിന്നിരുന്ന മറ്റു പുരുഷന്മാരെ പരിചയപെട്ടു. ഇടക്കിടെ അവർക്ക് അരികിലൂടെ ആളുകൾ കടന്നു പൊയ്‌ക്കൊണ്ടേയിരുന്നു. ബീ അവിടെ തന്നെയുണ്ടെന്ന് അയാൾ തിരിഞ്ഞു നോക്കി ഉറപ്പുവരുത്തി. ആ വനപഥം നിറയെ ഇന്നലെ പെയ്‌തു തോർന്ന മഴയുടെ ബാക്കിപത്രമെന്നോണം അവിടെയിവിടെയായി വെള്ളം കെട്ടികിടപ്പുണ്ടായിരുന്നു. അകലെയെവിടെയോ വെള്ളം കുത്തിയൊഴുകുന്നതിന്റെ ശബ്ദം സഞ്ചാരികളുടെ കലപില വർത്തമാനത്തിനും മീതെ ഉയർന്നു കേൾക്കുന്നുവെന്നു അവൾ അറിഞ്ഞു. മുന്നോട്ട് മൂന്ന് ചുവടു നടന്ന ശേഷം ബീ ഗോവർധന്റെ അരികിലേക്ക് തിരിഞ്ഞു നടന്നു. വലിച്ചു തീർന്ന സിഗരറ്റ് കുറ്റി താഴേക്ക് വലിച്ചെറിഞ്ഞു കളഞ്ഞിട്ട് ഗോവർധൻ അവൾക്ക് നേരെ വലതു കൈ ഉയർത്തി വീശി കാണിച്ചു. പാതയുടെ അരികിലെ കാട്ടിൽ നിന്ന് പെടുന്നനെ അവളൊരു ആളനക്കം കണ്ടു. ചെളിയിൽ ആണ്ടുപോയ കാലുകൾ വലിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രത്യേക ശബ്ദം അകമ്പടിയായി അവളുടെ കാതിൽ വന്നലച്ചു . കാലടിയൊച്ചയുടെ വ്യത്യസ്തമായൊരു താളം. അവൾ ഒരു നൊടി അനങ്ങാതെ നിന്നു. ജാഗരൂകയായി ശ്വാസം അടക്കിപ്പിടിച്ചു ബീ ഇടം വലം മുഖം മെല്ലെ ചെരിച്ചു നോക്കി. അടുത്തെങ്ങും ആരെയും കാണുന്നില്ല. ഗോവർധൻ തിരികെ അരികിലേക്ക് നടന്നു എത്താറായി. ഫോണിൽ ആരോടോ ദേക്ഷ്യത്തിൽ സംസാരിക്കുന്നത് അവൾ കണ്ടു. ബീ മെല്ലെ കാടിനു അടുത്തേക്ക് നടന്നു. കാട് പെട്ടന്ന് ചെറുതായൊന്നിളകി. ആരോ തന്റെ അരികിലേക്ക് നടന്നു വരുന്നുണ്ട്. ബീ ഞെട്ടിത്തിരിഞ്ഞു നോക്കി. തനിക്ക് പിന്നിലായി വന്നു നിന്ന ആ രൂപത്തെ കണ്ടവൾ ഒന്നു പിടഞ്ഞു പോയി. അവൾ ആദ്യം ആ രൂപത്തിന്റെ കൈയ്യിലേക്കും പിന്നെ കറുത്തൊരു മാസ്ക് കൊണ്ടു മറച്ചുവച്ചിരുന്ന ആ രൂപത്തിന്റെ മുഖത്തേക്കും നോക്കി. വിധി തന്നെത്തേടി എത്തിയിരിക്കുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞു. പരസ്പ്പരം അവർ ഒരു നിമിഷം നോക്കി നിന്നു. ബീ ആ രൂപത്തെ നോക്കിയൊന്നു ചിരിച്ചു പിന്നീട് മുഖം ചെരിച്ചു ഗോവർധനെ തേടി. ബീ കാട്ടിലേക്ക് നോക്കി നിൽക്കുന്നത് കണ്ടുകൊണ്ടു അയാൾ ഫോണിൽ എന്തോ ടൈപ്പ് ചെയ്തു കൊണ്ടു അവൾക്ക് അരികിലേത്തിയിരുന്നു അപ്പോൾ. അവൾ നോട്ടം വിദൂരതയിലേക്ക് പായിച്ചു. കാർമേഘങ്ങൾ മൂടി നിന്ന അന്തരീക്ഷത്തിൽ നിന്ന് തണുത്ത ജലത്തുള്ളികൾ താഴേക്ക് പൊഴിഞ്ഞു വീഴാൻ തുടങ്ങി. ബീ നിറഞ്ഞ മിഴികൾ ചേർത്തടച്ചു അവസാനമായി തന്റെ ഉടലിൽ ഊർന്നിറങ്ങുന്ന മഴയുടെ തണുപ്പിനെ ഹൃദയത്തിലേക്ക് ആവാഹിച്ചു.


...ബീ... 


ഇടറിയ ശബ്ദം കേട്ടവൾ കണ്ണുകൾ തുറന്നു. ആ രൂപത്തിന് നേരെ വരൂ എന്നർത്ഥത്തിൽ മുഖമിളക്കി. നൊടിയിടയിൽ കയ്യിലിരുന്ന പിസ്റ്റൾ അവൾക്ക് നേരെ ഉന്നം പിടിച്ചു ആ രൂപം നിർത്താതെ തിരയുതിർത്തു... ശേഷം ഒരു കൊള്ളിമീൻ പാഞ്ഞുപോയ വേഗതയിൽ ആ രൂപം കാടിനുള്ളിലേക്ക് ഓടി മറഞ്ഞു. വെടിയേറ്റ് താഴേക്ക് നിലംപതിച്ച നേരം നേരം ജീവൻ മറഞ്ഞു പൊയ്‌ക്കൊണ്ടിരുന്ന ബീയുടെ കണ്ണുകളിൽ തനിക്ക് നേരെ തിരയുതിർത്ത ആ രൂപം നിറഞ്ഞു നിന്നിരുന്നു. അവൾക്ക് വായിൽ ചോരയുടെ ചുവ തികട്ടി വന്നു. അവസാനശ്വാസം വേർപെടാനൊരുങ്ങവേ അവളുടെ കാതോരം ഏറെ പ്രിയപ്പെട്ടൊരാളുടെ ഇടറിയ സ്വരം അലയടിക്കാൻ തുടങ്ങി. 


"ബീ എന്റെ അവസാനശ്വാസത്തിന്റെ മിടിപ്പ് നിലയ്ക്കുന്നതും നിന്റെ ഈ കരിമിഴികളുടെ പിടപ്പിന്റെ വേഗത്തിലായിരിക്കും. എന്നിൽ നിന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിനക്ക് എന്നെ മാത്രം സ്നേഹിച്ചൂടെ... എന്റെ മടങ്ങി വരവ് പ്രതീക്ഷിച്ചു നീ കാത്തിരിക്കില്ലേ... എന്റെ പ്രണയം നിനക്കായി മാത്രം പകർന്നു നൽകാൻ എന്നായാലും ഞാൻ നിന്നരുകിലേക്ക് തന്നെ മടങ്ങിയെത്തും ... കാരണം... ചങ്ങലകൾ കൂടാതെ എന്നെ പ്രണയമെന്ന ബന്ധനത്തിലാക്കിയ സാമർഥ്യമാണ് നീയെന്ന ഈ ആദ്യാനുരാഗം !!...."


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Romance