Sabitha Riyas

Romance


3  

Sabitha Riyas

Romance


ഗുൽമോഹർ

ഗുൽമോഹർ

8 mins 309 8 mins 309

അകലെ നീലാകാശത്തിലേക്ക് നോക്കിയിരിക്കെ അവൾ പൊടുന്നന്നെ അവന് നേരെ  മുഖം തിരിച്ചു... 

"അശോക ചക്രവർത്തി! എന്തൊരു അളിഞ്ഞ പേരാണെടാ നിന്റെ...?" 

"ഗുൽമോഹർ ... നിന്റെ പേര് നല്ലതാണ് എന്ന് വച്ചു വലിയ ജാഡയൊന്നും വേണ്ടാ കേട്ടോ... ആ പേര് പെണ്ണിന്റെ തന്നെയാണോ എന്നൊരു സംശയമില്ലാതില്ല എനിക്ക്, പിന്നെ നിന്റെ സ്വഭാവം ആൺപിള്ളേരെ പോലെ അല്ലേ???" 

അശോക് ഇടംകണ്ണിട്ട് അവളെ നോക്കികൊണ്ട് പറഞ്ഞു...  

"ആണോ?? ഇങ്ങോട്ട് നോക്കെടാ ഞാൻ തെളിയിച്ചു തരാം എന്റെ സ്വഭാവം ആണിന്റെ ആണോ പെണ്ണിന്റെ ആണോയെന്ന് ..." 

കയ്യുയർത്തി അശോകിന്റെ കഴുത്തിൽ പിടിച്ചു ഞെക്കി  ഗുൽമോഹർ അലറിപറഞ്ഞു... 

"കൊല്ലെടീ എന്നെ അങ്ങ്, കണ്ടനാള് തൊട്ട് എന്നെ പിച്ചികീറി കൊല്ലുവല്ലേ ഈ യക്ഷി... ഹോ എന്തൊരു അടക്കത്തിലും ഒതുക്കത്തിലും വളർന്ന ഒരു ചെറുക്കനായിരുന്നു ഈ ഞാൻ. നിന്റെ കൂടെ കൂടി ഇപ്പോൾ നാട്ടിലും വീട്ടിലും അലമ്പനായി മാറി..." 

അശോക് അവളുടെ കൈകൾ വിടർത്തി മാറ്റിയിട്ട് അവളെ നോക്കി പറഞ്ഞു ... അവളുടെ മുഖം വാടിയിരുന്നു... അശോകിന്റെ അധരത്തിൽ ഒരു ചിരിമിന്നിമാഞ്ഞു, അവൻ വലത്തേ കയ്യ് അവളുടെ ഇടുപ്പിലൂടെ കടത്തി ചുറ്റിപിടിച്ചു ആ കലിപ്പത്തി പെണ്ണിനെ ദേഹത്തേക്ക് ചേർത്ത് വച്ചു... അവളുടെ കാതോരം മൊഴിഞ്ഞു. 

"പിണങ്ങിയോ എന്റെ അലസിപ്പൂമരം??... ഡീ പൊട്ടീകാളീ വേനൽക്കാലത്ത് പൂക്കുകയും വസന്തം കഴിയുന്നതോടെ ഇല പൊഴിക്കുകയും ചെയ്യുന്ന ഒരുമരമാണ് അലസിപ്പൂമരം അഥവാ ഗുൽമോഹർ. അതുപോലെ തന്നെയാണ് എനിക്ക് നീയും നിന്റെ പ്രണയഭാവങ്ങളും."

അശോക് തല അവളുടെ തോളിലേക്ക് ചാരി വച്ചു... 

"ഈ കോളർ ബോൺസ് കാണിക്കുന്ന ടോപ് ഇടരുത് എന്ന് ഞാൻ നിന്നോടു എപ്പോഴും പറയാറില്ലേ, നോക്കിക്കേ നിന്റെ ബ്രാ സ്ട്രാപ്പ് വരെ പുറത്ത് കാണാൻ ഉണ്ട്... നീ എപ്പോഴും  ഈ ക്രീമും വൈറ്റും മാത്രം ട്രൈ ചെയ്യാതെ വല്ലപ്പോളും ബ്ലാക്കും പരീക്ഷിക്കണേ, എനിക്കതാണ് ഇഷ്ടം..." 

"പോടാ... വായിനോക്കി..." 

അവൾ ജ്യാള്യതയോടെ പറഞ്ഞു... 

"ഞാൻ ഈ ടൈപ്പ് കുർത്തയെപറ്റിയാണ് പറഞ്ഞത്. നീ എന്ത്‌ കരുതി?? 

അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു... 

"അപ്പോൾ നിനക്കും ഈ നാണം ഒക്കെയുണ്ട് അല്ലെടീ ചെങ്കീരി..." 

ഗുൽമോഹർ എന്ന ആ അലസിപ്പൂമരം തുടുത്തു പോയ തന്റെ മുഖം അയാളുടെ നെഞ്ചിലേക്ക് പൂഴ്ത്തി വച്ചു അശോകിനെ തന്റെ കൈകളാൽ ചുറ്റി വരിഞ്ഞു പിടിച്ചു ഉറക്കെ ചിരിച്ചു, ആ ചിരി നോക്കിയിരിക്കെ അശോകിന് തനിക്ക് ചുറ്റും ഒരു ഗുൽമോഹർ മരം പൂവിട്ടു നിൽക്കുന്നതായി തോന്നി.... ആദ്യമായി മനസിൽ പ്രണയം എന്ന വികാരം പൂവിട്ടു തളിർത്തത് ഇവളെ കണ്ടനാളിൽ ആയിരുന്നു,,

ബാംഗ്ലൂർ നഗരത്തിൽ മഴ പെയ്തു തകർക്കുന്ന ഒരുച്ചനേരം, പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഹൈടെക് കാമ്പസ് നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഹൊസൂര്‍ റോഡിലെ ഇലക്ട്രോണിക് സിറ്റിയിലാണ് ഈ കാമ്പസ്. 81 ഏക്കറില്‍ പരന്നുകിടക്കുന്ന കാമ്പസിലെ പ്രധാന ആകര്‍ഷണം ഗ്ലാസ് പിരമിഡ് കെട്ടിടമാണ്. കെട്ടിടങ്ങളില്‍ക്കിടയില്‍ നിലനിര്‍ത്തിയിരിക്കുന്ന പച്ചപ്പ് നല്‍കുന്ന കുളിര്‍മ്മ അനുഭവിക്കേണ്ടതു തന്നെയാണ്. മൊത്തം ആറായിരത്തിലേറെ മരങ്ങളും ചെടികളുമുണ്ടിവിടെ. 

കാമ്പസിൽ നിന്ന്  ഷിഫ്റ്റ്‌ ടൈം കഴിഞ്ഞു ഫ്ലാറ്റിലേക്ക്  പോകാനായി ഇറങ്ങിയ  അശോക് പുറത്ത് തിമിർത്തു പെയ്യുന്ന മഴ കണ്ട് അറിയാതെ അവിടെ തന്നെ നിന്നുപോയി, നാട്ടിലെ പച്ചപ്പും കുളിർമയും ഒരുപോലെ മനസിലേക്ക് കടന്നു വന്നു എന്നയാൾക്ക് തോന്നി, മഴ പെയ്തു തോർന്നതും അയാൾ പാർക്കിങ്ങിലേക്ക് ഇറങ്ങി ഓടി. ഓടിച്ചെന്ന് പാർക്കിങ്ങിലേക്ക് കയറാൻ തുനിഞ്ഞതും  അതുവഴി അതിവേഗം പാഞ്ഞു വന്ന ഒരു അവെഞ്ചർ ബൈക്ക് അയാളുടെ മേലേക്ക് വെള്ളം ചീറ്റി തെറിപ്പിച്ചു കൊണ്ട് കടന്നു പോയി, മുഖം തുടച്ചു കൊണ്ട് അയാൾ ഉറക്കെ വിളിച്ചു ചോദിച്ചു... 

"കണ്ണില്ലേടാ നിനക്കൊന്നും??" 

ബൈക്ക് പോയ വേഗത്തിൽ കറങ്ങി തിരികെ അയാളുടെ മുന്നിൽ വന്നു നിന്നു. അശോക് ദേഷ്യപ്പെടാൻ ഒരുങ്ങവെ ബൈക്ക് ഓടിച്ചിരുന്നയാൾ ഹെൽമെറ്റ്‌ തലയിൽ നിന്നെടുത്തു മാറ്റി, അതൊരു പെൺകുട്ടിയായിരുന്നു... അശോക് അവളെ കണ്ടു നിശബ്ദനായി നിന്നുപോയി, ഹെൽമെറ്റ്‌ പെട്രോൾ ടാങ്കിനു മുകളിൽ വച്ചു അതിനുമേൽ കയ്യൂന്നി തലകുടഞ്ഞു അവന് നേരെ അവൾ  മുഖം തിരിച്ചു... 

"അത് തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത്, കണ്ണില്ലേടോ തനിക്ക്? ഞാൻ ബൈക്ക് സൈഡിലേക്ക് മാറ്റിയില്ലായിരുന്നു എങ്കിലേ ഇപ്പോൾ ചേട്ടൻ ഭിത്തിയിൽ പടമായേനെ..." 

"ഹെലോ... ഇങ്ങോട്ട്..." 


അവൾ  അയാൾക്ക് നേരെ വിരൽ ഞൊടിച്ചു... 

അശോക് അവളുടെ മുഖത്തേക്ക് നോക്കി, അവളുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് നോക്കി അവൻ ഒരു നിമിഷം നിന്നു... 

"ഫിലമെന്റ് അടിച്ചു പോയോ കർത്താവെ?? ഹെലോ ചേട്ടാ??" 

"എന്റെ കാർ സ്റ്റാർട്ട്‌ ആകുന്നില്ല, യൂബർ വിളിക്കാമെന്ന് വച്ചാൽ, ഫോൺ ഓഫ് ആണ്. എന്നെ അടുത്ത ബസ്‌സ്റ്റോപ്പിൽ വിടാമോ??"

അശോക് സ്വപ്നത്തിലെന്നവണ്ണം അവളോട് മെല്ലെ ചോദിച്ചു... 

"ങേ.... ആ... വന്നു കയറിക്കോ..." 

അവൾ അലസമായി പറഞ്ഞു കൊണ്ട് പെട്രോൾ ടാങ്കിനു മുകളിലെ ഹെൽമെറ്റ്‌ എടുത്തു ധരിച്ചു കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അശോക് അവൾക്ക് പിന്നിലേക്ക് വന്നു കയറി ഇരിക്കാൻ തുടങ്ങവേ അവൾ അയാളെ തന്നെ ആപാദചൂഡം ഒന്ന് വീക്ഷിച്ചു... 

""നിങ്ങൾ എന്റെ ഭാര്യ ഒന്നുമല്ലലോ?? മര്യാദയ്ക്ക് കയറി ഇരിക്ക്..." 

അശോക് ചിരി കടിച്ചമർത്തി അവൾക്ക്  പിന്നിലായി ബൈക്കിൽ കയറി ഇരുന്നു... 

"പിടിച്ചിരുന്നോണം. പിന്നെ താഴെ വീണു, തള്ളിയിട്ടു എന്നൊന്നും പറയരുത്." 

"ഇല്ല..." 

അയാൾ ചിരിയോടെ പറഞ്ഞു. 

ബൈക്ക് കാമ്പസ്സ് ഗേറ്റ് കടന്ന് പുറത്തേക്ക്, റോഡിലേക്ക് തിരിഞ്ഞു. ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു, നല്ല തണുപ്പും... എന്തോ അശോകിന് ആ യാത്രയും അതിൽ കൂടെയുള്ള സഹയാത്രികയും പെട്ടെന്ന് തന്നെ ഒരുപാട് ഇഷ്ടമായി, പൊടുന്നന്നെ അവൾ ഒന്ന് ബ്രേക്ക്‌ ചവിട്ടി, ഓർക്കാപ്പുറത്ത് ആയതിനാൽ നിയന്ത്രണം നഷ്ടപെട്ട അശോക് അവളുടെ തോളിലേക്ക് മുഖം ചേർത്ത് വച്ചു, അയാളുടെ കൈകൾ അവളെ വലയം ചെയ്തു. അശോകിന്റെ തണുത്ത മൂക്കിൻ തുമ്പ് അവളുടെ ചെവിയോട് ചേർന്നു. അവളുടെ മുടിയിൽ നിന്നും ദേഹത്തു നിന്നും ഉയരുന്ന സൗരഭ്യം അവന്റെ നിശ്വാസവുമായി കൂടിക്കലർന്നു. ബൈക്കിന്റെ വേഗത കുറഞ്ഞു... 

"സോറി... അറിഞ്ഞുകൊണ്ടല്ല പെങ്ങളെ, പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടിയപ്പോൾ..." 

അവളുടെ ഇടുപ്പിൽ നിന്നും കൈകൾ പിൻവലിച്ചു  അയാൾ തിടുക്കത്തിൽ പറഞ്ഞു... 

"ഡോ മ... മ... അല്ലേൽ വേണ്ടാ. ഡോ മത്തങ്ങ തലയാ, ഞാൻ തന്നോട് ഒരു നൂറു വട്ടം പിടിച്ചിരിക്കാൻ പറഞ്ഞിരുന്നോ? ആങ്ങള എവിടെ നോക്കിയാണ് ഇരിക്കുന്നെ... ദേ എനിക്കൊരുപാട് കുമ്പിട്ടു പറയാൻ ഒന്നും അറിയില്ല... ഞഹ്..." 

അവൾ പറഞ്ഞു നിർത്തിയതും അശോക് ഉറക്കെ പൊട്ടിച്ചിരിച്ചു, ആ ചിരി അവളുടെ ചുണ്ടിലേക്കും പടർന്നു പിടിച്ചു. അയാളുടെ ചിരി കണ്ട് കൊണ്ട് അവൾ ബൈക്ക് വീണ്ടും സ്റ്റാർട്ട്‌ ചെയ്തു.

അടുത്ത് കണ്ട ബസ്റ്റോപ്പിനോട്‌ ചേർത്ത് അവൾ ബൈക്ക് ഒതുക്കി നിർത്തി, അശോകിന് നേരെ തിരിഞ്ഞു ഇറങ്ങാൻ ആംഗ്യം കാണിച്ചു, അശോക് മനസില്ലാമനസോടെ ബൈക്കിൽ നിന്നിറങ്ങി...

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് നീങ്ങാൻ ഒരുങ്ങവെ അവൾ അവനു നേരെ നോക്കി പറഞ്ഞു 

"ഗുൽമോഹർ..."

അശോക് ഒന്നും മനസിലാകാതെ അവളെ മിഴിച്ചു നോക്കി..." 

"ഗുൽമോഹർ എന്റെ പേര്..." 

"ഗുൽമോഹർ..." 

അശോക് പതിയെ ഉരുവിട്ടു.. 

"അതെന്റെ പേര്. ചേട്ടന്റെയോ??" 

അവൾ അയാൾക്ക് നേരെ  മുഖം ഉയർത്തി നോക്കി... 

"അശോക്..." 

"ഓക്കേ അപ്പോൾ പിന്നെ കാണാം അക്കോസേട്ടാ..."

ബൈക്ക് അതിവേഗം അകന്ന് പോയി... അവളുടെ ശബ്ദം തനിക്ക് ചുറ്റും അലയടിക്കുന്നതായി അശോകിന് തോന്നി..." 

"അക്കോസേട്ടൻ..." 

അശോക് പുഞ്ചിരിയോടെ റോഡ് ക്രോസ്സ് ചെയ്തു അടുത്ത സ്റ്റാൻഡിൽ പാർക്ക്‌ ചെയ്തിരുന്ന ടാക്സിയുടെ അരികിലേക്കു നടന്നു ചെന്നു കയറി, തിരികെ കാമ്പസിലെ പാർക്കിംഗ് ലോട്ടിൽ എത്തി കാർ എടുത്തു പുറത്തേക്ക് ഡ്രൈവ് ചെയ്തപോളും അയാളുടെ ചുണ്ടിൽ ആ പേര് തങ്ങി നിന്നിരുന്നു. ഗുൽമോഹർ...

അശോക് ചക്രവർത്തി പേരു പോലെ തന്നെ വ്യത്യസ്തനായ ഒരു ചെറുപ്പക്കാരൻ, മിക്കവാറുമുള്ള എല്ലാ എൻജിനീയറിംഗ് ബിരുദധാരികളെ പോലെ ബാംഗ്ലൂർ എന്ന ഐ ടി നഗരത്തിന്റെ ഒഴുക്കിൽ വന്ന് അലിഞ്ഞു ചേർന്നിട്ട് വർഷങ്ങൾ ആയി, തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിനരുകിൽ ആണ് അശോകിന്റെ വീട്, അച്ഛനും അമ്മയും റിട്ടയർ അധ്യാപകർ, ഒറ്റമകൻ, അധ്യാപകരുടെ മകനായത് കൊണ്ടാകാം ഒരു പക്ഷേ അശോക് തന്റെ ജീവിതം തന്നെ ഒരു നിയന്ത്രണരേഖയ്ക്കുള്ളിൽ ഒതുക്കി വച്ചിരുന്നു എന്നും, മറ്റുള്ളവരെ പ്രീതിപെടുത്താൻ ആയിരുന്നോ അത് എന്ന് ചോദിച്ചാൽ ചിലപ്പോൾ അയാൾക്ക് ഉത്തരം ഒന്നുമില്ലായിരുന്നു തന്നോട് തന്നെ.

ബാംഗ്ലൂർ എന്ന ഈ സ്വപ്നനഗരത്തിൽ എത്തിച്ചേർന്നു വർഷങ്ങൾ കഴിഞ്ഞിട്ടും അശോകിൽ മാറ്റങ്ങൾ ഒന്നും തന്നെ കടന്നു വന്നിരുന്നില്ല. അയാളുടെ ജീവിതത്തിലെ  സ്ത്രീകൾ എന്ന് പറയാൻ ആണെങ്കിൽ അമ്മയും ഒപ്പം പഠിച്ച കുറച്ച് സഹപാഠികളും മാത്രം. ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലത്ത് ആണെങ്കിലോ അയാളിലെ ഒതുങ്ങി കൂടി നടക്കുന്ന പുരുഷനെ ഇഷ്ടപ്പെടാൻ ആർക്കും കഴിഞ്ഞിരുന്നുമില്ല, തിരിച്ചയാൾക്കും അതെ അവസ്ഥ തന്നെ ആയിരുന്നു... 

അയാൾക്ക് വേണ്ടിയിരുന്നത് ഒരു വായാടി പെണ്ണിനെ ആയിരുന്നു, ഒരിക്കൽ താൻ ആഗ്രഹിച്ച ഒരുപാട് കാര്യങ്ങൾ ആരുടെയും ഭയമില്ലാതെ മറ്റൊന്നും ആലോചിക്കാതെ ചെയ്യാൻ തനിക്ക് കൂട്ടു നിൽക്കുന്ന ഒരു പങ്കാളി അതായിരുന്നു അയാളുടെ മനസിലെ സ്ത്രീ സങ്കല്പം. അയാളിലേ കൊച്ചു കുട്ടിയെ മനസിലാക്കുന്ന ഒരു വട്ട് പെണ്ണ്, അമ്മയുടെയും കൂട്ടുകാരിയുടെയും പ്രണയിനിയുടെയും സ്നേഹം ഒരുപോലെ തരുന്ന ഒരു അരപ്പിരി...

ആ പെണ്ണിനെയാണ് താൻ ഇന്ന് കണ്ട് മുട്ടിയതെന്ന് കാർ ഫ്ലാറ്റിന്റെ പാർക്കിംഗ് ലോട്ടിൽ പാർക്ക്‌ ചെയ്തു പുറത്തേക്കിറങ്ങവേ അയാൾക്ക് തോന്നി, ആ ചുണ്ടിൽ ഒരു പുഞ്ചിരി തങ്ങി നിന്നിരുന്നു... ആദ്യമായി ഒരു പെണ്ണിനെ ഓർത്ത് അശോക് ചിരിച്ചു തുടങ്ങി. ആ രാത്രി അയാൾക്ക് യാന്ത്രികമായിരുന്നു. "അക്കോസേട്ടാ" എന്ന അവളുടെ ആ വിളി അയാളുടെ ഉറക്കം കളഞ്ഞിരുന്നു...

പിറ്റേന്ന് രാവിലെ കാമ്പസ്സിൽ എത്തിയ അശോകിന്റെ മിഴികൾ തേടിയത് അവളെ ആയിരുന്നു, ഗുൽമോഹറിനെ... പക്ഷേ അവിടെ എങ്ങും കണ്ടുകിട്ടിയില്ല അയാൾക്ക് ആ ഗുൽമോഹർ. ദിവസങ്ങൾ കടന്നു പോയി, അശോകിന്റെ കണ്ണുകൾ ആ കാമ്പസിനുള്ളിൽ എല്ലായിടത്തും അവളെ തേടി അലഞ്ഞു, പക്ഷേ ഒരു പെയ്തൊഴിഞ്ഞ മഴപോലെ അവളെങ്ങോ മറഞ്ഞു നിന്നിരുന്നു, അയാളെ വീക്ഷിച്ചു കൊണ്ട്, വീണ്ടും പെയ്തു തുടങ്ങാനായി, അവനിലേക്ക് മാത്രം ... 

ഒപ്പം ഉണ്ടായിരുന്ന കുറച്ചു സമയം കൊണ്ട് തന്നെ തന്റെ മനസിനുള്ളിൽ കുടിയേറിയ ആ അലസിപ്പൂമരത്തെ തേടി അശോക് ദിനവും ബാംഗ്ലൂർ സിറ്റി അരിച്ചു പെറുക്കി നടന്നു. കാമ്പസ്സിൽ ബൈക്കിൽ വരുന്ന പെൺകുട്ടികളുടെ ലിസ്റ്റ് വരെ ലീവ് എടുത്ത് ഇരുന്നു ആശാൻ എണ്ണിനോക്കി. "പക്ഷേ നോ രെക്ഷ " എന്നയാളുടെ മനസു മന്ത്രിച്ചു. അവളുടെ ദേഹത്ത് നിന്നു പടർന്ന കുട്ടികൂറാ പൗഡറിന്റെ മണം ഇന്നും തന്റെ ദേഹത്തു നിറഞ്ഞു നിൽക്കുന്നുവെന്ന് അയാൾക്ക് പലപ്പോഴും തോന്നിയിരുന്നു . "എവിടെ മറഞ്ഞു നീ എന്റെ ഗുൽമോഹർ," അയാളുടെ മനസു കേണു. ആദ്യമായി കണ്ട നാളിൽ തന്നെ അവൾ തന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു പോയി എന്ന സത്യം അശോക് തിരിച്ചറിഞ്ഞു. അശോകൻ എന്നാൽ ശോകമിലാത്തവൻ എന്നാണ് അർത്ഥം, എന്നാൽ അവളെ കണ്ട അന്ന് മുതൽ അയാൾ ശോകമൂകനായി പോയി... 

ഒരു നോട്ടത്താൽ തന്നെ  അവനെ ഭ്രാന്ത്‌ പിടിപ്പിച്ചിരുന്നു ആ പെണ്ണ്. അയാളുടെ രാത്രികൾ നിദ്രാവിഹീനങ്ങളായി, അവൾക്ക് വേണ്ടി,വിശപ്പും ദാഹവും അകന്ന് മാറി അയാളിൽ നിന്ന്, അവളുടെ മുഖം ഒരിക്കൽ കൂടി കാണാൻ അയാൾ ആഗ്രഹിച്ചു... ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറഞ്ഞാൽ ഈ കണ്ടുമുട്ടൽ ആണെന്ന് അയാൾക്ക്‌ തോന്നി. ജീവിതത്തിൽ അത്ര വിലപ്പെട്ട എന്തോ കൈവിട്ട് പോയ അവസ്ഥയിൽ ആയിരുന്നു ആ നാളുകൾ അയാൾ താണ്ടിയത്. ആദ്യ പ്രണയം മധുരതരമാണ്, മറ്റെന്തിനേക്കാളും, അതയാൾക്ക് മനസിലായി... 

മൂന്ന് മാസം കടന്നു പോയി. ഗുൽമോഹറിന്റെ ഓർമയിൽ അശോക് ആകെ പരവശനായിരുന്നു. ഫെബ്രുവരി പതിനാല് ഇന്ന് " വാലെന്റൈൻസ് ഡേ" ആണെന്ന് മനസ്സിലോർത്തു അശോക് ഫ്ലാറ്റിൽ നിന്നും ഓഫീസിൽ പോകാനായി ഇറങ്ങി, പാർക്കിങ്ങിൽ എത്തവേ പൊടുന്നന്നെ ഒരു മഴ പെയ്തു, മഴയുടെ ഭംഗി നോക്കി അയാൾ അവിടെ തന്നെ നിന്നു. പെട്ടെന്ന് അയാളുടെ മുഖത്തിന്‌ നേരെ ആരോ മഴവെള്ളം തട്ടി തെറിപ്പിച്ചു , കോപത്തോടെ മുഖം തുടച്ചു കൊണ്ട് അയാൾ തിരിഞ്ഞു നോക്കി. അയാൾക്ക് മുന്നിൽ ഗുൽമോഹർ പൂത്തുലഞ്ഞു നിൽക്കുന്നുണ്ടായിരുന്നു... അവളുടെ കണ്ണുകളുമായി അയാളുടെ കണ്ണുകൾ ഇടഞ്ഞു, അയാളുടെ മിഴികൾ നിറഞ്ഞിരുന്നു, അയാൾ പരിഭവം അവളോട് പറഞ്ഞു തീർത്തു തന്റെ നീണ്ടു വിടർന്ന മിഴികളാൽ, അവൾക്ക് അത് മനസിലായോ എന്തോ എന്നറിയില്ല. 

"എന്താ അക്കോസേട്ടാ ഇന്നും ലിഫ്റ്റ് വേണോ??" 

അവൾ അയാൾക്ക് നേരെ ഒരു കുസൃതി ചോദ്യമെറിഞ്ഞു, എന്നാൽ മറുപടി ആയി അശോക് അവൾക്ക് അരികിലേക്ക് ചെന്നു അവളെ കൈനീട്ടി ബലമായി ദേഹത്തേക്ക് ചേർത്ത് പിടിച്ചു പറഞ്ഞു... 

"ഐ ലവ് യൂ... ഐ ലവ് യൂ... എനിക്ക് നീയില്ലാതെ ജീവിക്കാൻ കഴിയില്ല, എവിടെ ആയിരുന്നു നീ ഇത് വരെ...?? നിന്നെ തേടി ഞാൻ ഈ ബാംഗ്ലൂർ മുഴുവനും നടന്നു, ഒന്നുകിൽ നീ എന്നെ കൊല്ലണം അല്ലെങ്കിൽ സ്നേഹിക്കണം, പറയൂ എന്നെ സ്നേഹിച്ചുകൂടെ നിനക്ക്...? നിന്റെ ഒരു മറുപടിയിൽ ആണ് എന്റെ ജീവനും ജീവിതവും നിലനിൽക്കാൻ പോകുന്നത്, ഞാൻ ഒരു ഭ്രാന്തൻ ഒന്നുമല്ല, പക്ഷെ നിനക്ക് വേണ്ടി ഭ്രാന്തനാകാനും തയ്യാറാണ്..." 

ഗുൽമോഹർ അയാളുടെ പ്രവർത്തിയിൽ അത്ഭുതപെട്ടു. അയാളുടെ കണ്ണിൽ അവൾ തന്നോടുള്ള പ്രണയം കത്തി ജ്വലിക്കുന്നത് കണ്ടു. ഇതു വരെ ഒരുപുരുഷനും തന്നെ ഒരു പെണ്ണായി കണ്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്, അതെ ഇയാൾ തന്നെ എന്റെ കാലൻ , ഉറപ്പിച്ചേക്കാം എന്നവളും അയാളോട് ചേർന്നു നിന്നാലോചിച്ചു. 

"വിസ്കി ലാർജ് വിത്ത്‌ ഐസ്..." 

"എന്ത്‌?? 

അയാൾ അവളുടെ മേൽ നിന്ന് കൈകൾ അടർത്തി മാറ്റി... 

"അക്കോസേട്ടാ,പുറത്തു മഴയല്ലേ? ഇവിടെ അടുത്തൊരു ബാർ ഉണ്ട്. പക്ഷേ ഞാൻ പോയാൽ ശരിയാകില്ല, അവസാനം അടി നടക്കേണ്ടി വരും. നമ്മുക്ക് ഒരുമിച്ചു പോയാലോ?? അല്ല, എങ്ങനെ അടിക്കുന്ന കൂട്ടത്തിൽ ആണോ?? ഞാൻ നല്ല ഒന്നാന്തരം പാലക്കാരി ആണ്, അല്പം വീശും നമ്മളോ??" 

അശോകിനോട് ചേർന്നു നിന്നവൾ പറഞ്ഞു. അയാൾ പൊട്ടിച്ചിരിച്ചു കൊണ്ടവളേ ചേർത്ത് പിടിച്ചു പറഞ്ഞു... 

"ഞാൻ നിനക്കൊരു ഉമ്മ തരട്ടെ?? "

"എന്തിനാ??" 

"ചുമ്മാ പുറത്ത് തണുപ്പല്ലേ മോളെ..."

"ഓഹ് ഓഹോ മനസിലായി മോനെ..." 

അശോക് അവളെ മാറോട് ചേർത്ത് നെറുകയിൽ അധരങ്ങൾ ചേർത്ത് വച്ചു ചുംബിച്ചു, ആദ്യ ചുംബനം അതും തന്റെ ജീവിതത്തിലേ ആദ്യത്തെ പെണ്ണിന്. 

"അപ്പോൾ എങ്ങനെ പോയാലോ???" 

"പോകാം." 

അയാൾ അവളുടെ കയ്യും പിടിച്ചു ആ മഴയിലേക്ക്‌ ഇറങ്ങി. 

പ്രണയത്തിന് ആരംഭം കുറിക്കാൻ ഒരു നൊടിയിട മാത്രം മതി, അവളെ തനിക്ക് യുഗങ്ങളായി അറിയാമെന്നു അശോകിന് തോന്നി. അവൾക്ക് ഒപ്പം തന്റെ എല്ലാ ആഗ്രഹങ്ങളും ചിറകു മുളച്ചുപറക്കാൻ തുടങ്ങുന്നു എന്നയാൾ അറിഞ്ഞു. അവളൊരു തീപ്പൊരി തന്നെയായിരുന്നു. അടി, ഇടി എന്ന് വേണ്ടാ അവളൊരു കൊട്ടേഷൻ ടീം ഓണർ തന്നെ ആയിരുന്നു എന്നയാൾ അറിഞ്ഞു. അയാളുടെ ജീവിതത്തിന്റെ കടിഞ്ഞാൺ അവൾ എന്നേ ഏറ്റെടുത്തു കഴിഞ്ഞിരുന്നു അയാൾ പോലുമറിയാതെ, അവൾ പറപ്പിച്ചു വിടുന്ന പട്ടംപോലെ അയാൾ പറന്നു നടന്നു.  

വളെരെ ചെറുപ്പത്തിൽ അച്ഛനുമമ്മയും മരിച്ച ഗുൽമോഹർ അയാൾക്ക് ചില സമയം അമ്മയായും മകളായും കൂട്ടുകാരിയായും മാറി. പെട്ടെന്ന് തന്നെ അയാളുടെ സ്വന്തമായും... ചില നേരം അവളൊരു ബ്രേക്കില്ലാത്ത വാഹനം പോലെ ആണെന്നു അയാൾക്ക് തോന്നും, കുളിരൂറുന്ന തണുപ്പിൽ ബാംഗ്ലൂർ നഗരം ഉറങ്ങുമ്പോൾ ബൈക്കിൽ അവളെ ചുറ്റിപിടിച്ചിരുന്നു വിറച്ചു കൊണ്ട് അയാൾ അവൾക്കൊപ്പം ലോങ്ങ്‌ ഡ്രൈവ് പോകുമായിരുന്നു, ഒരിക്കലും അവസാനിക്കരുത് എന്നാഗ്രഹിച്ച യാത്രകൾ. അവളൊരു കിലുക്കാംപെട്ടി തന്നെയായിരുന്നു. അവളോടൊപ്പമുള്ള യാത്രകൾ അയാളിൽ ഉറങ്ങികിടന്നിരുന്ന മറ്റൊരു അശോകിനെ തട്ടിയുണർത്തി. പലപ്പോഴും ആലോചിക്കും പ്രണയം എത്ര പെട്ടെന്ന് കടന്നു വന്നു, എത്ര പെട്ടെന്ന് അവളെ തനിക്ക് സ്വന്തമാക്കി തന്നു എന്ന്. അവൾക്ക് വേണ്ടി അയാൾ സ്വയം മാറിയെങ്കിലും ഒരിക്കൽ പോലും അശോകിനെ പ്രീതിപ്പെടുത്താൻ അവൾ മാറിയിരുന്നില്ല, അയാൾ ആഗ്രഹിച്ചിരുന്നുമില്ല അവളുടെ മാറ്റം. അയാൾക്ക് ഇഷ്ടം തന്നെ ആദ്യ ദർശനത്തിൽ തന്നെ ക്ലീൻ ബൗൾഡ് ആക്കിയ ഗുൽമോഹർ എന്ന അലസിപ്പൂമരത്തെ ആയിരുന്നു... 

"അക്കോസേട്ടാ.." 

അവളുടെ സ്വരം അയാളെ ഓർമകളിൽ നിന്നുണർത്തി. 

"എന്താടീ..." 

അവളോട് ചേർന്നിരുന്നു അയാൾ ചോദിച്ചു... 

"ഒരുമ്മയെങ്കിലും താ മനുഷ്യ ... ഒന്നുമില്ലേലും നിങ്ങളുടെ ഭാര്യ അല്ലേ ഞാൻ ഇപ്പോ ... ഇപ്പോളും നിങ്ങൾക്ക് നാട്ടുകാരെ പേടിയാണോ? എന്റെ കർത്താവേ ഞാൻ എന്തോ കണ്ടോണ്ട് ഈ മണ്ടന്റെ കൂടെ ഹണിമൂണിന് വന്നതാ!" 

അശോക് അവളുടെ വാക്കുകൾ കേട്ട് പൊട്ടിവന്ന ചിരിയടക്കി  ആ  അലസിപ്പൂമരത്തെ ഇറുകെ മാറോട് ചേർത്ത് പിടിച്ചു കവിളിൽ ചുംബിച്ചു... പ്രേമപൂർവം. 

"എന്റെ ഗുൽമോഹർ.... നീ എന്നും എന്റെ അരികിൽ തന്നെ വേണം. നീയില്ലാത്ത ഓരോ നിമിഷവും എനിക്ക് മരണതുല്യമാണ്..." 

"ഇത് ഏത് ഫിലിമിലെ ഡയലോഗ് ആണ് മോനെ???" 

അവൾ കൈവിരലുകൾ ചേർത്ത് പിടിച്ചു  അയാളുടെ കവിളിൽ നുള്ളി ചോദിച്ചു ... 

മറുപടിയായി അശോക് പറഞ്ഞു, 

"സ്വന്തമാക്കാൻ ഞാൻ കൊതിച്ചത് കൊണ്ടാണ് ഇന്ന് നീ എന്റെ അരികിൽ ഉള്ളത്, അതുപോരെ എന്റെ വാക്കുകൾ സത്യമാണ് എന്ന് മനസിലാക്കാൻ...? നിന്റെ മനസിനെ പെണ്ണേ ഞാൻ എന്നേ സ്വന്തമാക്കിയിരുന്നു, നീ എന്റെ സ്വന്തം തന്നെയാണ്. ആളുകൾക്ക് മുന്നിൽ പ്രകടിപ്പിക്കാൻ ഉള്ളതല്ല എനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ ആഴം, അത് നമ്മൾ രണ്ടു പേരും മാത്രം അറിഞ്ഞാൽ പോരെ...?? ഇനി നിനക്ക് നിർബന്ധം ആണേൽ ഞാൻ റെഡിയാണ്, പിന്നെ കൂടിപ്പോയി എന്ന് എന്നെ കുറ്റം പറയരുത് നീ." 

ഗുൽമോഹറിന്റെ മിഴികൾ നിറഞ്ഞിരുന്നു... അശോക് മുഖം താഴ്ത്തി ചുണ്ടുകൾ ചേർത്തു അവളുടെ  മിഴിനീർ തുടച്ചെടുത്തു... 

"അപ്പോൾ എങ്ങനെ സ്നേഹിക്കണ്ടേ?? ഇവിടെ വച്ചു വേണോ, അതോ...??" 

അശോകിന്റെ വാക്കുകൾ പൂർത്തിയാക്കാൻ അനുവദിക്കാതെ ഗുൽമോഹർ എന്ന അലസിപ്പൂമരം അയാളുടെ അധരങ്ങൾ തന്റെ അധരങ്ങളാൽ കോർത്തെടുത്തു ദീർഘമായി ചുംബിച്ചു... സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു, അവർക്ക് മേലേക്ക് ഇരുട്ടു വീണു തുടങ്ങി. അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്നു അകലെ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കൊണ്ട് ഗുൽമോഹർ പറഞ്ഞു... 

"അക്കോസേട്ടാ.... നീ എന്റെ ജീവൻ തന്നെയാണ്. എനിക്കുള്ളിൽ ഒരു പെണ്ണിന്റെ മനസുണ്ടെന്ന് ദർശിച്ചു തിരഞ്ഞു പിടിച്ചെന്നെ സ്നേഹിച്ചു സ്വന്തമാക്കിയ മാന്ത്രികൻ... ഒരിക്കൽ എന്നോട് നിങ്ങൾ ചോദിച്ച ഒരു ചോദ്യത്തിന് ഞാൻ മറുപടി പറഞ്ഞിരുന്നില്ല ഇതുവരെയും, എന്നിരുന്നാലും പറയാതെ നിങ്ങൾ എന്നെ മനസിലാക്കിയിരുന്നു. പക്ഷേ ഇപ്പോൾ അതിനുള്ള സമയമായി... നിങ്ങളുടെ ആ ചോദ്യത്തിനുള്ള എന്റെ മറുപടി പറയാൻ..." 

അശോക് അവളെ ദേഹത്തു നിന്ന് വിടർത്തി മാറ്റി, മുഖം കൂർപ്പിച്ചു, എന്ത്‌ എന്ന ഭാവത്തിൽ അവളെ നോക്കി... 

ഐ ലവ് യൂ റ്റൂ... ത്രീ... ഫോർ... ഫൈവ്... സിക്സ് 

ഹ് ഹ് ഹ... "

അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു... 

അശോക് അവളെ ആ മണൽപ്പരപ്പിലേക്ക് തള്ളിയിട്ടു... എഴുന്നേറ്റു ഓടാൻ പോയ അയാളെ അവൾ തന്റെ അരികിലേക്ക് കൈനീട്ടി പിടിച്ചു വലിച്ചിട്ടു... 

ഇരുവരും ആകാശത്തേക്ക് നോക്കി കിടന്നു... 

ആ ചന്ദ്രബിംബത്തിനും അവൾക്കും ഒരേ നാണമെന്ന് അശോകിന് തോന്നി...

പ്രണയം എന്ന സ്വപ്നം നമ്മളെ തേടി വരും, സ്വന്തമാക്കാൻ നമ്മൾ ശ്രമിച്ചാൽ മാത്രം മതി. ഇവൾ എന്റെ സ്വന്തം ഗുൽമോഹർ, എനിക്കായി കാലം കാത്തു വച്ച എന്റെ അലസിപ്പൂമരം... എന്നെ തേടി വന്നു, എന്റെ ജീവന്റെ പാതിയായവൾ... എന്നും ഇവൾക്ക് അരികിൽ ഇരുന്നു സ്വപ്നം കാണാൻ ഞാൻ ആഗ്രഹിക്കുന്നു...

അയാളുടെ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് ഗുൽമോഹറിന്റെ കൈകൾ അയാളെ ആലിംഗനം ചെയ്തു... അകലെ ചന്ദ്രബിംബം ആ കാഴ്ച കണ്ടു പുഞ്ചിരി തൂകി... 


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Romance